തെരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടക്കുന്ന പ്രതിഷേധ മാര്ച്ചിന് രാഹുൽ ഗാന്ധി നേതൃത്വം നല്കും

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ സഖ്യം എംപിമാരുടെ മാർച്ച് ഇന്ന്. രാവിലെ 11. 30ന് പാർലമെന്റിൽ നിന്നും മാർച്ച് ആരംഭിക്കും. സഖ്യത്തിലെ 300 എംപിമാരെ പങ്കെടുപ്പിച്ചാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് വൻ പ്രതിഷേധം സംഘടിപ്പിക്കുന്നത്.
വോട്ട് കൊള്ള ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ദേശവ്യാപകമായി പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ ഇന്ന് വൈകീട്ട് 4.30 ന് എഐസിസി ഭാരവാഹികളുടെ യോഗം ചേരും. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലാണ് യോഗം.
വോട്ടർപട്ടികയിലെ ക്രമക്കേടിൽ പ്രതിഷേധം ശക്തമാക്കാനാണ് ഇൻഡ്യ സഖ്യത്തിന്റെ തീരുമാനം.
മാർച്ചിന് ശേഷം നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം മുൻനിർത്തി വിവിധ ഭാഷകളിൽ തയ്യാറാക്കിയ പ്ലക്കാർഡുകളും നേതാക്കൾ ഉയർത്തും. പ്രതിഷേധത്തിന് ശേഷം എംപിമാർക്ക് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ അത്താഴ വിരുന്നൊരുക്കുന്നുണ്ട്. വിരുന്നിലും ഇക്കാര്യം ചർച്ചചെയ്യും.
മഹാരാഷ്ട്രയിൽ അഞ്ച് വർഷം കൊണ്ട് ചേർക്കുന്നതിലും അധികം വോട്ട് അഞ്ച് മാസം കൊണ്ട് ചേർത്തെന്നും ഹരിയാനയിലും കർണാടകയിലും തെരഞ്ഞെടുപ്പ് തീയതി മാറ്റിയതിൽ സംശയമുണ്ടെന്നുമാണ് രാഹുൽ ഗാന്ധി വെളിപ്പെടുത്തിയത്.
മഹാരാഷ്ട്രയിൽ അഞ്ച് മണിക്ക് ശേഷം പോളിങ് കുതിച്ചുയർന്നു. 40 ലക്ഷം ദുരൂഹവോട്ടർമാർ വന്നു. സിസിടിവി ദൃശ്യങ്ങൾ 45 ദിവസം കൊണ്ട് നശിപ്പിച്ചു. ഇത് ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ വേണ്ടിയാണെന്നും ഡൽഹിയിലെ ഇന്ദിരാഭവനിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുമായി ചേർന്ന് വോട്ട് മോഷ്ടിക്കുന്നുവെന്നും ഹരിയാനയിലും അട്ടിമറിയുണ്ടായെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷന് താൻ പറയുന്നതിനെ കുറിച്ചെല്ലാം വ്യക്തമായി അറിയാമെന്ന് പറഞ്ഞ രാഹുൽ, അവർ തനിക്കെതിരെ നടപടിയെടുക്കില്ലെന്നും പറയുകയുണ്ടായി.
