
മലയാള സിനിമയിൽ അടുത്തകാലം കൊണ്ട് ഏറെ ശ്രദ്ധയാകർഷിച്ച താരമാണ് സഫ്വാൻ. കണ്ടന്റ്റ് ക്രീയേറ്റർ കൂടിയായ സഫ്വാൻ സോഷ്യൽ മീഡിയയിലും ഇപ്പോൾ സിനിമയിലും സാഫ്ബോയ് എന്നാണ് അറിയപ്പെടുന്നത്. ആദ്യമായി അഭിനയിച്ച മ്യൂസിക് വീഡിയോ “ജീവിതം ഒരു പൊളി” യൂട്യൂബിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. സംവിധായകൻ ബേസിൽ ജോസഫ് സമൂഹ മാധ്യമങ്ങളിലൂടെ തൻ്റെ പ്രശംസ അറിയിക്കുകയും ചെയ്തു. ഒരു ഡെലിവറി ബോയുടെ യാത്രയും അവൻ അനുഭവിക്കുന്ന പ്രശ്‌നങ്ങളുമാണ് മ്യൂസിക് വീഡിയോയുടെ ഇതിവൃത്തം.
6.8 മില്യൺ വ്യൂസ് നേടി ട്രെൻഡിങ്ങായ “വണ്ടിനെ തേടും” എന്ന ഗാനം ആലപിച്ച അഖിലേഷ് രാമചന്ദ്രൻ ആണ് ഈ പാട്ടിൻ്റെ സൃഷ്ടാവ്, മ്യൂസിക്ക് പ്രൊഡക്ഷൻ സച്ചിൻ. മാധ്യമ പ്രവർത്തകനായ അഖിൽ ദേവനും സിനിമ സഹ സംവിധായകനായ സുബിൻ സുരേഷുമാണ് മ്യുസിക്ക് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്. തരുൺ മൂർത്തി, ഗിരീഷ് എ.ഡി, അഹമ്മദ് കബീർ തുടങ്ങിയ സിനിമ പ്രവർത്തകരും വിഡിയോയെ പ്രശംസിച്ചിരുന്നു.
വൈറൽ കണ്ടൻറ്റുകൾ വീഡിയോസ് ആക്കി സോഷ്യൽമീഡിയയിലൂടെ ചുരുങ്ങിയ സമയംകൊണ്ടുതന്നെ പ്രിയങ്കരനായി മാറിയിരുന്നു സാഫ്ബോയ് എന്ന സഫ്വാൻ. യൂട്യൂബ് വീഡിയോകളിലൂടെ സിനിമയിൽ ഇടംപിടിച്ച നടൻ. മലപ്പുറംകാരിയായ ‘സൈനാത്ത’ എന്ന കഥാപാത്രത്തിലൂടെ കാലികപ്രസക്തിയുള്ള വിഷയങ്ങളായിരുന്നു സഫ്വാൻ തന്റെ യൂട്യൂബിലൂടെ അവതരിപ്പിച്ചിരുന്നത്. മല്ലു ഡോൺ ജുനൈസ് ആണ് യൂട്യൂബിന്റെ ലോകത്തേക്ക് കൈപിടിച്ച് കയറ്റിയത്. പിന്നീടങ്ങോട്ട് യൂട്യൂബിന്റെ ലോകത്ത് തന്നെ ശ്രദ്ധകേന്ദ്രീകരിച്ച സഫ്വാൻ അങ്ങിനെ വിദേശപഠന പ്ലാനുകൾ എല്ലാം ഉപേക്ഷിക്കുകയായിരുന്നു. അഞ്ചര ലക്ഷത്തിലധികം യുട്യൂബ് സബ്സ്ക്രൈബേഴ്‌സും ഒന്നര ലക്ഷത്തിലധികം ഇൻസ്റ്റാഗ്രാം ഫോളോവേഴ്‌സും ഉള്ള സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ആയി മാറിയിരുന്നു സഫ്വാൻ.
ക്രിക്കറ്റിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന സഫ്വാൻ രവീന്ദ്ര ജഡേജയുടെ കടുത്ത ആരാധകനാണ്. കളിക്കുന്ന സമയത്ത് എല്ലാവരും ജഡ്ഡു എന്നാണ് വിളിച്ചിരുന്നത്. ഇന്ത്യയിൽ ഇൻസ്റ്റാഗ്രാം പോപ്പുലർ ആയിവരുന്ന സമയത്ത് ജഡ്ഡു ബോയ് എന്നായിരുന്നു ജഡേജയുടെ ഇൻസ്റ്റാഗ്രാം പേര്. അതിൽ നിന്നാണ് തന്റെ പേര് സാഫ് ബോയ് എന്നാക്കി മാറ്റിയത്.
18 പ്ലസ്, വാഴ, ഗുരുവായൂർ അമ്പലനടയിൽ, പടക്കളം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് സഫ്വാൻ അവതരിപ്പിച്ചത്.
