തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം മകനുമായി വഴക്കിട്ട് കിണറ്റിൽ ചാടിയ സ്ത്രീയെ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. ഇടവ മാന്തറ അർച്ചന നിവാസിൽ പ്രശോഭന(63)യെയാണ് രക്ഷിച്ചത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. മകനുമായി വഴക്കിട്ട് കിണറ്റിൽ ചാടിയെന്നാണ് വിവരം. വീടിനു തൊട്ടുചേർന്ന പറമ്പിലെ കിണറ്റിലാണ് ഇവരെ കണ്ടത്. 60 അടിയോളം താഴ്ചയുള്ള കിണറ്റിൽ 40 അടിയോളം വെള്ളവും ഉണ്ടായിരുന്നു. പുലർച്ചെയാണ് പ്രശോഭന കിണറ്റിൽ അകപ്പെട്ടതെന്ന് സംശയിക്കുന്നു. കിണറിനുള്ളിൽ നിന്നുള്ള നിലവിളി കേട്ടാണ് പ്രദേശവാസികൾ സംഭവം അറിഞ്ഞത്.
കിണറിലെ മോട്ടോറിൻ്റെ പൈപ്പിൽ പിടിച്ച് വശത്ത് ചവിട്ടിനിൽക്കുന്ന നിലയിലാണ് പ്രശോഭനയെ കണ്ടത്. പിന്നാലെ നാട്ടുകാരായ രണ്ടുപേർ കിണറ്റിലിറങ്ങി പ്രശോഭന താഴ്ന്നുപോകാതെ താങ്ങിനിർത്തി. ഇതിന് പിന്നാലെ വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയെത്തി റോപ്പും നെറ്റും ഉപയോഗിച്ച് ഇവരെ കരയ്ക്കെത്തിക്കുകയായിരുന്നു. പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വർക്കല അഗ്നിരക്ഷാനിലയം ഓഫീസർ ഹരിലാലിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജി.കെ. ബൈജു, സീനിയർ ഫയർ ഓഫീസർ റെജിമോൻ, അഷ്റഫ്, രതീഷ്, വിനോദ്കുമാർ, റെജിജോസ്, ഷഹനാസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇവരും മകനും തമ്മിൽ തർക്കങ്ങളുണ്ടാകാറുണ്ടെന്ന് നാട്ടുകാരും പറഞ്ഞു. എന്നാൽ ചോദ്യം ചെയ്യലിൽ പ്രശോഭന വ്യക്തമായി ഒന്നും പറയാത്തതിനാൽ മകനെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്.
