റിയോ ഡി ജനീറോ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾക്കെതിരെ ബ്രിക്സ് രാജ്യങ്ങൾ സംയുക്തമായി പ്രതികരിക്കണമെന്ന് ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സിൽവ ആഹ്വാനം ചെയ്തു. ആഗോള വ്യാപാര രംഗത്തെ വർധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ബഹുരാഷ്ട്ര സഹകരണത്തിന്റെ സംരക്ഷകനായി സ്വയം അവതരിപ്പിച്ചുകൊണ്ടാണ് ലുലയുടെ ഈ നീക്കം.

ട്രംപിന്റെ പുതിയ താരിഫ് നയങ്ങളെ ബുധനാഴ്ച റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ ലുല രൂക്ഷമായി വിമർശിച്ചു. ആഗോള ബഹുരാഷ്ട്ര സഹകരണത്തെ ഇല്ലാതാക്കി, യുഎസ് ആധിപത്യമുള്ള ഏകപക്ഷീയമായ ഉടമ്പടികൾ സ്ഥാപിക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. കൂട്ടായി ഉണ്ടാക്കുന്ന ഉടമ്പടികളുള്ള ബഹുരാഷ്ട്ര സഹകരണത്തെ ഇല്ലാതാക്കാനും, പകരം ഓരോ രാജ്യങ്ങളുമായി ഏകപക്ഷീയമായി ചർച്ചകൾ നടത്താനും ശ്രമിക്കുകയാണ് ട്രംപ് ചെയ്യുന്നത്. ഒരു ചെറിയ ലാറ്റിൻ അമേരിക്കൻ രാജ്യത്തിന് യുഎസിനെതിരെ എന്ത് വിലപേശൽ ശേഷിയാണുള്ളത്? ഒന്നുമില്ലെന്ന് ലുല പറഞ്ഞു.
