‘പ്രതിദിനം തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപ വരെ; പ്രതികൾ സ്വർണവും സ്കൂട്ടറും വാങ്ങി’; സാമ്പത്തിക തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ സ്ഥാപനത്തിൽ നിന്ന് ജീവനക്കാർ പ്രതിദിനം തട്ടിയെടുത്തത് രണ്ട് ലക്ഷം രൂപ വരെ. പണം ഉപയോഗിച്ച് പ്രതികൾ സ്വർണവും സ്കൂട്ടറും വാങ്ങി. പണയം വെച്ച സ്വർണം വീണ്ടെടുക്കാനുള്ള നീക്കം തുടങ്ങി. സ്ഥാപനത്തിൽ നികുതി വെട്ടിപ്പ് നടത്തിയിട്ടില്ലെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

തട്ടിയെടുത്ത പണം മൂന്നായി പങ്കിട്ടെടുക്കുകയാണ് ചെയ്തിരുന്നത്. പണം ഭർത്താക്കന്മാർക്കും കൈമാറി എന്നും പ്രതികൾ മൊഴി നൽകി. തെളിവെടുപ്പ് പൂർത്തിയാക്കി കേസിൽ കീഴടങ്ങിയ പ്രതികളായ വിനീത, രാധകുമാരി എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ മൂന്നാം പ്രതി ദിവ്യ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. 69 ലക്ഷം തട്ടിയെടുത്തു എന്നാണ് പരാതി. 11 മാസമാണ് ഇവർ ദിയയുടെ സ്ഥാപനമായ ‘ഓ ബൈ ഓസി’യിൽ ജോലി ചെയ്തത്.

40 ലക്ഷം രൂപ തട്ടിയതിന്റെ വിവരങ്ങൾ നിലവിൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന്റെ പശ്ചാത്തലത്തില‍ാണ് രണ്ട് പ്രതികൾ കീഴടങ്ങിയത്. മൂന്നാം പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ ക്രൈംബ്രാഞ്ചിനോട് കുറ്റം സമ്മതിച്ചിരുന്നു. മെഷീൻ ഉപയോഗിച്ചുള്ള ക്യു ആർ കോഡ് കൃത്രിമം റീ-ക്രിയേറ്റ് ചെയ്തു. വിനീത, രാധകുമാരി എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *