‘ഇന്ത്യ പൂജ്യം തീരുവയാക്കിയാലും പ്രശ്നങ്ങൾക്ക്‌ പരിഹാരമാകില്ല’; ട്രംപിന്റെ ഭീഷണി തുടരുന്നു

ഇന്ത്യക്കെതിരെ അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപിന്റെ ഭീഷണി തുടരുന്നു. അമേരിക്കൻ ഉത്പന്നങ്ങൾക്ക്‌ ഇന്ത്യ പൂജ്യം തീരുവയാക്കിയാലും ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക്‌ പരിഹാരമാകില്ലെന്നാണ് ട്രംപിന്റെ പ്രതികരണം. ഇന്ത്യക്കുമേൽ അടുത്ത 24 മണിക്കൂറിനുള്ളിൽ വീണ്ടും താരിഫ് വർധിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇന്ത്യൻ ഉത്പന്നങ്ങൾക്കുമേൽ നേരത്തേ പ്രഖ്യാപിച്ച 25 ശതമാനം താരിഫ് വർധിപ്പിക്കുമെന്ന് കഴിഞ്ഞദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു.

ആദ്യം പ്രഖ്യാപിച്ച 25 ശതമാനം ഓഗസ്റ്റ് ഏഴിന് നിലവിൽ വരാനിരിക്കെയാണ് ഇപ്പോഴത്തെ വെല്ലുവിളി. ഇന്ത്യ റഷ്യയിൽ നിന്ന് ഊർജ്ജ ഉത്പന്നങ്ങൾ വാങ്ങുക മാത്രമല്ല, അത് വിറ്റ് വലിയ ലാഭമുണ്ടാക്കുന്നുണ്ടെന്നും സൂചിപ്പിച്ചാണ് ട്രംപ് നേരത്തെ ഇറക്കുമതി തീരുവ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചത്. സമൂഹ മാധ്യമ പോസ്റ്റിലൂടെയായിരുന്നു പ്രഖ്യാപനം. യുക്രെയിനിൽ കൊല്ലപ്പെടുന്നവരെക്കുറിച്ച് ഇന്ത്യക്ക് ആശങ്കയില്ലെന്ന കുറ്റപ്പെടുത്തലും പോസ്റ്റിലുണ്ടായിരുന്നു.

ആഗോള ഊർജ്ജ വിപണി സ്ഥിരത ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുടെ ഇറക്കുമതിയെ അമേരിക്ക സജീവമായി പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്ത്യയെ വിമർശിക്കുന്ന രാജ്യങ്ങൾ തന്നെ റഷ്യയുമായി വ്യാപാരത്തിൽ ഏർപ്പെടുന്നുവെന്നും വിദേശകാര്യ മന്ത്രാലയം തിരിച്ചടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *