
അതിനിർണായകമായ അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യ.കരുത്തോടെ ബാറ്റ് വീശി തുടങ്ങിയ ഇംഗ്ലണ്ട് നിരയെ പിന്നീട് ഇന്ത്യൻ ബൗളർമാർ എറിഞ്ഞ് വീഴ്ത്തുന്നതായിരുന്നു കണ്ടത്. 247 റൺസിൽ ഇംഗ്ലീഷ് പട ഓൾ ഔട്ടായി.224 റൺസിൽ തന്നെ എല്ലാവരും പുറത്തായത് ഇന്ത്യയ്ക്ക് വലിയ ഞെട്ടലായിരുന്നു നൽകിയിരുന്നത്. 247 റൺസ് എടുത്ത ഇംഗ്ലണ്ട് 23 റൺസിന്റെ ലീഡിലാണ്.
ഓപ്പണർമാരായ ബെൻ ഡക്കറ്റും, സാക് ക്രോളിയും ഇംഗ്ലണ്ടിന് മികച്ച തുടക്കമായിരുന്നു നൽകിയത്. 57 പന്തിൽ നിന്ന് 64 റൺസോടെ സാക് ക്രോളി അർദ്ധസെഞ്ചുറിയുമായി തിളങ്ങി. സാക്കിന് പിന്തുണ നൽകിക്കൊണ്ട് ബെൻ ഡക്കറ്റ് 43 ഉം, ഹാരി ബ്രൂക്ക് അർദ്ധസെഞ്ചുറിയും (53) സ്വന്തമാക്കി. ഉയർന്നുവന്ന ഓരോ കൂട്ടുകെട്ടുകളും ഇന്ത്യൻ ബൗളർമാർ എറിഞ്ഞു വീഴ്ത്തി. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജും, പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റുകൾ വീതം നേടി.
എന്നാൽ, പ്രതീക്ഷിച്ചപോലെ ഇന്ത്യൻ നിരയ്ക്ക് ആദ്യ ഇന്നിംഗ്സ് ബാറ്റിങ്ങിൽ തിളങ്ങാനായില്ല. കരുൺ നായരുടെ അർദ്ധസെഞ്ചുറി മാത്രമാണ് ഇന്ത്യയെ 224 എന്ന സ്കോറിൽ എത്തിച്ചത്. യശസ്വി ജയ്സ്വാളും, രവീന്ദ്ര ജഡേജയും, കെ എൽ രാഹുലുമെല്ലാം നിറം മങ്ങിയപ്പോൾ സായി സുന്ദർശനും (38), ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (21), വാഷിംഗ്ടൺ സുന്ദറും (26), ആശ്വാസം നൽകി.
