
ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാരായ മുഹമ്മദ് സിറാജിന്റെയും, പ്രസിദ്ധ് കൃഷ്ണയുടെയും തകർപ്പൻ പ്രകടനത്തിൽ ഇന്ത്യക്ക് ആശ്വാസം. ഓവലിൽ നടക്കുന്ന ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനം ഇംഗ്ലീഷ് ബാറ്റിങ് നിരയെ തകർത്തുകൊണ്ട് ഇരുവരും നാല് വിക്കറ്റുകൾ വീഴ്ത്തി. ഇംഗ്ലണ്ട് ബാറ്റിംഗ് നിര കരുത്തോടെ ബാറ്റ് വീശി തുടങ്ങിയെങ്കിലും പിന്നീട് ഇന്ത്യൻ ബൗളർമാർ എറിഞ്ഞ് വീഴ്ത്തുന്നതായിരുന്നു കണ്ടത്.
ഓവലിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ആദ്യ ഇന്നിംഗ്സിൽ 224 റൺസിന് പുറത്തായിരുന്നു. പരമ്പര നഷ്ടപ്പെടരുതെന്ന ലക്ഷ്യത്തോടെ ഇറങ്ങിയ ഇന്ത്യൻ പടയ്ക്ക് ഇത് തിരിച്ചടിയായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് ഓപ്പണർമാരായ ബെൻ ഡക്കറ്റിന്റെയും, സാക്ക് ക്രോളിയുടെയും ബാറ്റിംഗ് മികവ് മികച്ച തുടക്കം നേടി. എന്നാൽ ഉച്ചഭക്ഷണത്തിന് ശേഷം കഥ മാറി. സിറാജിന്റെയും, പ്രസിദ്ധിന്റെയും ബൗളിംഗ് മികവിൽ ഇന്ത്യ തിരിച്ചടിക്കുന്നതാണ് കണ്ടത്. ഇത് മത്സരത്തിന്റെ ഗതി തന്നെ മാറ്റി.
തുടർച്ചയായി എട്ട് ഓവറുകൾ എറിഞ്ഞ സിറാജ്, ഇംഗ്ലണ്ടിന്റെ ക്യാപ്റ്റൻ ഓലി പോപ്പ്, ജോ റൂട്ട്, ജേക്കബ് ബെഥേൽ എന്നിവരുടെ വിക്കറ്റുകൾ വീഴ്ത്തി. ഈ ടെസ്റ്റ് പരമ്പരയിലെ എല്ലാ മത്സരങ്ങളിലും മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ പേസർ കൂടിയാണ് സിറാജ്. സാക് ക്രോളി, ജാമി സ്മിത്ത്, ഗസ് ആറ്റികിൻസൺ, ജാമി ഓവർട്ടൻ എന്നിവരുടെ വിക്കറ്റുകൾ പ്രസിദ്ധ് കൃഷ്ണയാണ് വീഴ്ത്തിയത്.
