സ്പോര്‍ട്സ് റിപ്പോര്‍ട്ടറിന് നല്കിയ പ്രത്യേക അഭിമുഖത്തിലാണ് ഗില്ലിന്റെയും സംഘത്തിന്റെയും പ്രകടനത്തെ കുറിച്ച് സഞ്ജു മനസുതുറന്നത്

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീം പ്രതീക്ഷയുള്ള പ്രകടനമാണ് കാഴ്ച വെക്കുന്നതെന്ന് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണ്. ഇംഗ്ലണ്ട് സീരീസില്‍ ക്യാപ്റ്റന്‍ ഗില്ലും ടീമും സധൈര്യമാണ് മുന്നോട്ടുപോവുന്നതെന്ന് പറഞ്ഞ സഞ്ജു ഇന്ത്യയുടെ ഭാവി സുരക്ഷിതമാണെന്നും അഭിപ്രായപ്പെട്ടു.
‘തുടങ്ങുന്നതിന് മുന്‍പേ ഇംഗ്ലണ്ടിനെതിരായ പരമ്പര വളരെ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഇത് കുറച്ച് ചെറുപ്പക്കാരുടെ മാത്രം ടീമാണെന്നാണ് എല്ലാവരും വിചാരിച്ചിരുന്നത്. യങ് ക്യാപ്റ്റനാണ്, ഇംഗ്ലണ്ട് കണ്ടീഷന്‍സാണ്, എന്താവുമെന്ന് അറിയില്ല എന്നെല്ലാം പറഞ്ഞിരുന്നു. അന്ന് കാത്തിരുന്ന ഒരു സീരീസില്‍ നമ്മള് ഇന്ത്യ ഡോമിനേറ്റ് ചെയ്തുവെന്ന് തന്നെ പറയാം’, സഞ്ജു പറഞ്ഞു.
‘ഓരോ ദിവസത്തെയും പ്രകടനം പരിഗണിച്ചാല്‍ ഇന്ത്യ തന്നെയാണ് ആ സീരീസില്‍ മുന്നിട്ട് നില്‍ക്കുന്നതെന്ന് പറയാം. അപ്പോള്‍ നമ്മുടെ ക്യാപ്റ്റനും ടീമിനും വളരെ വലിയ ക്രെഡിറ്റ് തന്നെ കൊടുത്തേ പറ്റൂ. ഇത്ര ധൈര്യത്തോടെ മുന്നോട്ടുവന്ന് കളിക്കുന്ന യുവതാരങ്ങളുടെ മനോഭാവമാണ് കാണുന്നത്’, സഞ്ജു സ്പോര്‍ട്സ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
‘എത്ര വലിയ ടീമാണെങ്കിലും ഏത് വേദിയിലാണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിന് തോല്‍വിയില്ല എന്നാണ് ഈ സീരീസില്‍ നിന്ന് മനസ്സിലായത്. പരമ്പരയുടെ ഫലം എന്തുതന്നെയായാലും ഇന്ത്യന്‍ ക്രിക്കറ്റ് സുരക്ഷിതമായ കൈകളിലാണെന്ന തോന്നലാണ് ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളിലെ പ്രകടനങ്ങളില്‍ ഉണ്ടായത്’, സഞ്ജു കൂട്ടിച്ചേര്‍ത്തു.
അതേസമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാനത്തെ മത്സരത്തില്‍ ബാറ്റുചെയ്യുകയാണ് ഇന്ത്യ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ നിലവില്‍ 2-1ന് പരമ്പര കൈവിടാതെ നിലനിര്‍ത്തിയ ശുഭ്മന്‍ ഗില്ലിനും സംഘത്തിനും ഓവലില്‍ വിജയം സ്വന്തമാക്കിയാല്‍ 2-2ന് പരമ്പര സമനിലയില്‍ പിരിയാം.
