‘കന്യാസ്ത്രീകള്‍ മലയാളികളും സുറിയാനി വിഭാഗത്തില്‍പ്പെട്ടവരുമായതിനാല്‍ അറസ്റ്റ് കേരളത്തില്‍ ചര്‍ച്ചയായി’

വിചാരധാരയുടെ അജണ്ട ഇന്നത്തെ ഭാരതത്തില്‍ പ്രത്യക്ഷമായി നടപ്പിലാക്കുന്നതിന്റെ ഉദാഹരണമാണിതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു

കൊച്ചി: ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരണവുമായി യാക്കോബായ സഭ നിരണം ഭദ്രാസന മെതാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കൂറിലോസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. കേവലം ക്രിസ്ത്യാനികളെയോ കത്തോലിക്കരെയോ മാത്രം ബാധിക്കുന്ന വിഷമല്ലിതെന്നും ഭരണഘടന അനുവദിച്ചുതരുന്ന മൗലികാവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നതെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഭരണഘടന നിലനില്‍ക്കപ്പെടണമെന്നും സംരക്ഷിക്കപ്പെടണമെന്നും ജനാധിപത്യവും മതേതരത്വവും മതസ്വാതന്ത്ര്യവും ഇവിടെ നിലനില്‍ക്കണമെന്നും ആഗ്രഹിക്കുന്ന എല്ലാവരും ആശങ്കപ്പെടേണ്ട സാഹചര്യമാണിത്. ആള്‍ക്കൂട്ടം ഇന്ത്യയിലെ പൗരന്മാരെ വിചാരണ ചെയ്യുകയാണ്. ഇത് മറ്റെവിടെയാണ് നടക്കുക. നിയമം കയ്യിലെടുക്കുകയാണ് ഒരുകൂട്ടം. നിയമം പാലിക്കേണ്ട പൊലീസുകാര്‍ നോക്കിനില്‍ക്കെയാണ് ഇതൊക്കെ ചെയ്യുന്നത്. ഇതെന്താ വെള്ളരിക്കാപ്പട്ടണമാണോ. നാണിക്കേണ്ട സാഹചര്യമല്ലേയെന്നും അദ്ദേഹം ചോദിക്കുന്നു.

വിചാരധാരയുടെ അജണ്ട ഇന്നത്തെ ഭാരതത്തില്‍ പ്രത്യക്ഷമായി നടപ്പിലാക്കുന്നതിന്റെ ഉദാഹരണമാണിത്. അവസാനത്തെ ഉദാഹരണം ആവട്ടെയെന്ന് ആഗ്രഹിക്കുകയാണ്. അതിനുള്ള സാധ്യതയല്ല കാണുന്നത്. കേരളത്തിലെ സാഹചര്യമല്ല വടക്കേ ഇന്ത്യയില്‍. അവിടെ പുരോഹിതര്‍ക്കും കന്യാസ്ത്രീകള്‍ക്കും സഭാവേഷം ധരിച്ച് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യം പലയിടത്തുമുണ്ട്. മലയാളികള്‍ ആയതിനാലും സുറിയാനി സഭ വിഭാഗത്തില്‍പ്പെട്ട കന്യാസ്ത്രീകള്‍ ആയതിനാലുമാണ് ഇത് കേരളത്തില്‍ ഇത്ര ചര്‍ച്ചയായത്. എന്നാല്‍ നിത്യേനെയെന്നോണം വടക്കേ ഇന്ത്യയുടെ പലഭാഗങ്ങളിലും വിശ്വാസികളും മിഷണറിമാരും ആക്രമിക്കപ്പെടുന്നുണ്ട്. അവര്‍ ദളിതരായതിനാലും ആദിവാസികളായതിനാലും ഇതൊന്നും വാര്‍ത്തയാവുന്നില്ലായെന്നേയുള്ളൂ. നിറം കറുത്തതായത് കൊണ്ടുകൂടിയായിരിക്കാം അവരൊക്കെ ആക്രമിക്കപ്പെടുന്നത്, വാര്‍ത്തയാവാതിരിക്കുന്നത്. അതിലൊക്കെ പുരോഹിതന്മാരും സഭാ നേതൃത്വവും ഇടപെടാതിരിക്കുന്നതും. ഇതിനകത്ത് ജാതിയുടെ പ്രശ്‌നം വേറെ കിടപ്പുണ്ട്. ഇത്രയെങ്കിലും പ്രതികരിക്കാന്‍ സഭാ നേതൃത്വം തയ്യാറായല്ലോയെന്നാണ് തോന്നുന്നത്. ഇടയ്ക്ക് അവരുടെ ഭാഗത്ത് നിന്നും രാഷ്ട്രീയപരമായും അല്ലാതെയും ഉണ്ടായ വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്ന് വിശ്വസിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.

കേക്കിന്റെ രൂപത്തിലായാലും അല്ലാതെയായിലും സഭാമേലധ്യക്ഷന്മാര്‍ക്കും വിശ്വാസികള്‍ക്കും ജാഗ്രതയുണ്ടാവണം. കേരളത്തില്‍ ഇസ്ലാമിയോഫോബിയ ശക്തമാക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. അതില്‍ അറിഞ്ഞോ അറിയാതെയോ ചില ക്രൈസ്തവ സഭാ വിഭാഗങ്ങളും അതിന് നേതൃത്വം നല്‍കുന്നവരും പെട്ടുപോയിട്ടുണ്ട്. അതിന്റെ ഭാഗമായിട്ട് ശക്തമാവുന്ന രാഷ്ട്രീയ ധ്രുവീകരണം കേരളത്തിന്റെ മതേതരപാരമ്പര്യത്തെ തകര്‍ക്കാന്‍ പോന്നതാണ്. ഈ സംഭവംകൊണ്ട് അതിന് ചെറിയ ബ്രേക്കിട്ടേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

http://www.e24newskerala.com/

Leave a Reply

Your email address will not be published. Required fields are marked *