പാലക്കാട്ടെ ബലാത്സംഗക്കൊലപാതകം: പ്രതി സുബ്ബയ്യന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

യുവതിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണുളളത്. ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും

പാലക്കാട്: പാലക്കാട്ടെ ബലാത്സംഗ കൊലപാതകത്തില്‍ പ്രതി വണ്ടിത്താവളം മല്ലംകുളമ്പ് സ്വദേശി സുബ്ബയ്യന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കസ്റ്റഡിയിലുളള പ്രതിയെ സ്റ്റേഡിയം ബൈപ്പാസ് പരിസരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. കൂടുതല്‍ ചോദ്യംചെയ്യലിനുശേഷം കോടതിയില്‍ ഹാജരാക്കും. യുവതിയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലാണുളളത്. ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ലൈംഗികാതിക്രമത്തിനിടെ ശ്വാസം മുട്ടിയും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റുമാണ് യുവതി മരിച്ചതെന്ന് ഇന്നലെ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു.

ജൂലൈ മുപ്പതിനാണ് അബോധാവസ്ഥയിലായ യുവതിയുമായി സുബ്ബയ്യൻ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തുന്നത്. ബോധമില്ലാതെ വഴിയരികിൽ കിടക്കുന്നത് കണ്ട് ആശുപത്രിയിൽ എത്തിച്ചതാണെന്നാണ് സുബ്ബയ്യൻ ഡോക്ടർമാരോട് പറഞ്ഞത്. യുവതിയുടെ മരണം ഡോക്ടർമാർ സ്ഥിരീകരിച്ചു. ഒപ്പം ശരീരത്തിൽ മർദനമേറ്റ പാടുകളും കണ്ടെത്തി. തുടർന്ന് വിവരം ലഭിച്ച പാലക്കാട് ടൗൺ സൗത്ത് പൊലീസ് സുബ്ബയ്യനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. എന്നാൽ കൃത്യമായ വിവരങ്ങൾ ഒന്നും ഇയാളിൽ നിന്നും ലഭിച്ചില്ല. ഇതോടെയാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യാൻ തീരുമാനമായത്.

യുവതിയെ അബോധാവസ്ഥയിൽ കണ്ടെത്തിയെന്ന് പറയുന്ന പ്രദേശത്ത് പൊലീസ് വിശദമായി പരിശോധന നടത്തി. മേഖലയിൽ നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെ, യുവതിയെ ആക്രമിച്ചത് താൻ തന്നെയാണ് സുബ്ബയ്യൻ പൊലീസിന് മൊഴി നൽകി. പാലക്കാട് ഒലവക്കോടിന് സമീപം താമസിച്ചിരുന്ന കുടുംബത്തിലെ അംഗമാണ് ആക്രമിക്കപ്പെട്ട നാൽപ്പത്തിയാറുകാരി. ലൈംഗിക അതിക്രമത്തിനും, കൊലപാതകത്തിലും ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് സുബ്ബയ്യനെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്.

http://www.e24newskerala.com/

Leave a Reply

Your email address will not be published. Required fields are marked *