ചിത്രത്തിലെ ശരത്കുമാറിന്റെയും സിദ്ധാർത്ഥിന്റെയും പ്രകടനങ്ങൾ കയ്യടി നേടിയിരുന്നു

സിദ്ധാർഥിനെ നായകനാക്കി ശ്രീ ഗണേഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ത്രീ ബിഎച്ച്കെ’. ഒരു ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന സിനിമ ജൂലൈ നാലിനാണ് തിയേറ്ററുകളിൽ എത്തിയത്. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ വർഷത്തെ മികച്ച സിനിമയെന്നാണ് ചിത്രം കണ്ടിറങ്ങിയവർ വിശേഷിപ്പിച്ചത്. ഇപ്പോഴിതാ ത്രീ ബിഎച്ച്കെ ഒടിടിയിലേക്ക് എത്തുകയാണ്.
ഇന്ന് മുതൽ സിനിമ സ്ട്രീമിങ് ആരംഭിച്ചിരിക്കുകയാണ്. ആമസോൺ പ്രൈമിലൂടെയാണ് സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. തിയേറ്ററിലേത് പോലെ ഒടിടിയിലും സിനിമയ്ക്ക് മികച്ച അഭിപ്രായം നേടാനാകുമെന്ന് തന്നെയാണ് പ്രതീക്ഷ. ബോക്സ് ഓഫീസിൽ നിന്ന് 12 കോടിയോളമാണ് സിനിമ നേടിയത്. ചിത്രത്തിലെ ശരത്കുമാറിന്റെയും സിദ്ധാർത്ഥിന്റെയും പ്രകടനങ്ങൾ കയ്യടി നേടിയിരുന്നു. പുതിയ വീട് വാങ്ങാനായി ഒരു മിഡിൽ ക്ലാസ് കുടുംബം നടത്തുന്ന ശ്രമങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ചിത്രത്തിലെ കഥ എല്ലാ മിഡിൽ ക്ലാസ് കുടുംബങ്ങൾക്കും റിലേറ്റ് ചെയ്യാൻ കഴിയുമെന്നും സിനിമയിലെ ഇമോഷണൽ സീനുകൾ പ്രേക്ഷകരെ ആഴത്തിൽ സ്പർശിക്കുമെന്നും അഭിപ്രായങ്ങൾ വന്നിരുന്നു. ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ് സിനിമ കേരളത്തിൽ എത്തിച്ചത്.
ദേവയാനി, മീത്ത രഘുനാഥ്, ചൈത്ര ജെ ആച്ചാർ, യോഗി ബാബു, സുബ്ബു പഞ്ചു തുടങ്ങിയവരാണ് സിനിമയിലെ മറ്റു അഭിനേതാക്കൾ. ശാന്തി ടാക്കീസിന്റെ ബാനറിൽ അരുൺ വിശ്വയാണ് ചിത്രം നിർമ്മിക്കുന്നത്. ‘വർഷങ്ങൾക്ക് ശേഷം’ എന്ന സിനിമയ്ക്കായി സംഗീതം ഒരുക്കിയ അമൃത് രാംനാഥ് ആണ് ഈ സിനിമയുടെ മ്യൂസിക് കൈകാര്യം ചെയ്യുന്നത്.
