‘ഇത് അത്രയും വലിയ ഒരു സിനിമയാണ്, കാരണം ഈ സിനിമ യൂണിയനെയും തുറമുഖത്തെയും തൊഴിലാളികളെയും കുറിച്ചുള്ളതാണ്’

ലോകേഷ് കനകരാജിന്റെ സംവിധാനത്തിലും അനിരുദ്ധിന്റെ മ്യൂസിക്കിലുമെത്തുന്ന ‘കൂലി’ കോളിവുഡിലെ ഈ വർഷത്തെ ഏറ്റവും വലിയ പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ്. കോളിവുഡിലെ അടുത്ത സെൻസേഷൻ ആകാൻ കെൽപ്പുള്ള ചിത്രമാണ് ഇത്. ആഗസ്റ്റ് 14 നാണ് സിനിമ പുറത്തിറങ്ങാനിരിക്കുന്നത്. ഓരോ ദിവസവും 700 മുതൽ 1000 ആൾക്കാരാണ് സിനിമയുടെ സെറ്റിൽ ജോലി ചെയ്തിരുന്നത് എന്ന് മനസുതുറക്കുകയാണ് ലോകേഷ് കനകരാജ്.
‘700 മുതൽ 1000 വരെ അഭിനേതാക്കളും അണിയറപ്രവർത്തകരും ദിവസവും കൂലിയുടെ സെറ്റിൽ ജോലി ചെയ്തിരുന്നു. ഹൈദരാബാദ്, ചെന്നൈ, വിശാഖപട്ടണം, ബാങ്കോക്ക് എന്നിവിടങ്ങളിലെ ഒന്നിലധികം സ്ഥലങ്ങളിൽ ആണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഇത് അത്രയും വലിയ ഒരു സിനിമയാണ്, കാരണം ഈ സിനിമ യൂണിയനെയും തുറമുഖത്തെയും തൊഴിലാളികളെയും കുറിച്ചുള്ളതാണ്. എല്ലാവർക്കും രജനി സാറിനോട് ബഹുമാനമുണ്ട്. ഞങ്ങൾ എപ്പോഴും സമയത്തിന് മുമ്പേ സെറ്റിൽ എത്തിയിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ് നാല് മാസമായി, പക്ഷേ ഞങ്ങൾക്ക് അദ്ദേഹത്തെ മിസ് ചെയ്യുന്നു. സമയം കിട്ടുമ്പോഴെല്ലാം ഞാൻ ജയിലർ 2 വിന്റെ സെറ്റിൽ പോയി അദ്ദേഹത്തെ കാണാറുണ്ട്’,
അതേസമയം സിനിമയുടെ ട്രെയ്ലർ ആഗസ്റ്റ് 2 ന് പുറത്തുവിടും. സിനിമയുടെ ഓരോ അപ്ഡേറ്റിനും ആരാധകരിൽ നിന്ന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. രജനികാന്തിനെ നായകനാക്കി ഒരുക്കുന്ന കൂലിയാണ് ഇനി പുറത്തിറങ്ങാനുള്ള ലോകേഷ് ചിത്രം. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. നേരത്തെ ചിത്രത്തിൽ അതിഥി താരമായി ബോളിവുഡ് താരം ആമീർ ഖാൻ എത്തുന്നുണ്ട്. ദഹാ എന്നാണ് സിനിമയിലെ ആമിർ ഖാന്റെ കഥാപാത്രത്തിന്റെ പേര്. സിനിമയിൽ 15 മിനിറ്റോളം നേരമാണ് ആമിർ ഖാൻ പ്രത്യക്ഷപ്പെടുക എന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്.
