ആഗസ്റ്റ് 1ന് ചിത്രം യുട്യൂബിൽ റിലീസ് ചെയ്യും

ആമിർ ഖാൻ നായകനായി എത്തിയ ഏറ്റവും പുതിയ സിനിമയാണ് ‘സിത്താരെ സമീൻ പർ’. സ്പോർട്സ് കോമഡി ഴോണറിൽ ഒരുങ്ങിയ സിനിമ തിയേറ്ററിൽ മികച്ച പ്രതികരണമാണ് നേടിയത്. സിനിമ യൂട്യൂബിൽ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസം ആമിർ ഖാൻ അറിയിച്ചിരുന്നു. 100 രൂപ കൊടുത്ത് പ്രേക്ഷകർക്ക് പേ പെർ വ്യൂ ഓപ്ഷനിലൂടെ സിനിമ കാണാവുന്നതാണ്. ഇപ്പോഴിതാ ഒടിടിയുടെ ഡീൽ നിരസിച്ചതിനെക്കുറിച്ച് മനസുതുറക്കുകയാണ് ആമിർ.
ഒരു വലിയ കമ്പനി നൽകുന്ന 125 കോടി തനിക്ക് വേണ്ടെന്നും പകരം ഇന്ത്യയിലെ ഓരോ പ്രേക്ഷകന്റെയും 100 രൂപയാണ് തനിക്ക് ആവശ്യമെന്നും ആമിർ മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. ‘ഇന്ത്യയിലെ ഓരോ പ്രേക്ഷകന്റെയും 100 രൂപയാണ് എനിക്ക് വേണ്ടത് അല്ലാതെ ഒരു വലിയ കമ്പനി നൽകുന്ന 125 കോടി വേണ്ട. എനിക്ക് എന്റെ വർക്കിലും എന്റെ പ്രേക്ഷകരിലും വിശ്വാസമുണ്ട്. എന്റെ സിനിമകൾ നല്ലതാണെങ്കിൽ പ്രേക്ഷകർ അത് തിയേറ്ററിലും തുടർന്ന് യൂട്യൂബിൽ പേ പെർ വ്യൂവിൽ വരുമ്പോഴും കാണും. എനിക്ക് മാത്രം ഗുണമുണ്ടാകുന്നത് കൊണ്ട് ഒരിക്കലും ഒരു ഇൻഡസ്ട്രി മുഴുവനായും രക്ഷപ്പെടില്ല. അതുകൊണ്ടാണ് ഒടിടിയുടെ ഓഫറിന് ഞാൻ നോ പറഞ്ഞത്’, ആമിറിന്റെ വാക്കുകൾ.
ആഗസ്റ്റ് 1ന് ചിത്രം യുട്യൂബിൽ റിലീസ് ചെയ്യും. ലോകത്തിന്റെ എല്ലാ കോണുകളിലും താങ്ങാനാവുന്ന നിരക്കിൽ സിനിമ എത്തുന്നുവെന്ന് ഉറപ്പാക്കുകയാണ് ആമിറിന്‍റെ ലക്ഷ്യം. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം പോലുള്ള ഒ ടി ടി പ്ലാറ്റ്‌ഫോമുകൾക്ക് പകരം, പേ-പെർ-വ്യൂ മോഡൽ പിന്തുടർന്ന് യൂട്യൂബിൽ ചിത്രം റിലീസ് ചെയ്യാനാണ് ആമിർ പദ്ധതിയിടുന്നത്. ഒരു ബാസ്കറ്റ്ബോൾ കോച്ചിന്റെ വേഷത്തിലാണ് ആമിർ ഖാൻ സിനിമയിലെത്തുന്നത്. ശുഭ് മംഗള്‍ സാവ്ധാന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ആര്‍ എസ് പ്രസന്നയാണ് സംവിധാനം ചെയ്യുന്നത്. ദിവ്യ നിധി ശർമ്മ ആണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം നിർമിക്കുന്നത് ആമിർ ഖാനും അപർണ പുരോഹിതും ചേർന്നാണ്. ചിത്രത്തിൽ ജെനീലിയയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ശങ്കർ – എഹ്സാൻ – ലോയ് ആണ് സംഗീതം.
