ഓവൽ സ്റ്റേഡിയത്തിലെ പിച്ച് ക്യുറേറ്ററോട് കോച്ച് ഗംഭീർ തർക്കിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്

ഇന്ത്യൻ ടീമിന്റെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നുണ്ട്. ഓവൽ സ്റ്റേഡിയത്തിലെ പിച്ച് ക്യുറേറ്ററോട് കോച്ച് ഗംഭീർ തർക്കിക്കുന്നതാണ് വീഡിയോ.
അഞ്ചാം ടെസ്റ്റിന് മുന്നോടിയായി ജൂലൈ 28 തിങ്കളാഴ്ച തന്നെ ഇന്ത്യൻ ടീം ഓവലിലെത്തിയിരുന്നു. സ്റ്റേഡിയത്തിലെത്തിയതിന് പിന്നാലെ കോച്ച് ഗംഭീർ ഗ്രൗണ്ട് സ്റ്റാഫുമായി വാഗ്വാദത്തിൽ ഏർപ്പെടുകയായിരുന്നു. ഓവലിലെ പിച്ചിൽ ഇന്ത്യൻ താരങ്ങൾ പരിശീലനം നടത്തുന്നതിനിടെയാണ് ചീഫ് ക്യുറേറ്ററായ ലീ ഫോർട്ടിസുമായി ഗംഭീർ തർക്കിച്ചത്.
എന്തിനാണ് ഗംഭീർ ക്യൂറേറ്ററോട് തർക്കിച്ചത് എന്നതിന്റെ കാരണം വ്യക്തമാക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ചായ സിതാൻഷു കോതാക്. തങ്ങളോട് പിച്ചിൽ നിന്നും 2.5 ഓടി മാറി നിൽക്കാൻ ആവശ്യപ്പെട്ടതുകൊണ്ടാണ് ഗംഭീർ പ്രശ്നമുണ്ടാക്കിയതെന്നാണ് അദ്ദേഹം പറഞ്ഞത്.
‘ഗ്രൗണ്ട് സ്റ്റാഫുകളിൽ ഒരാൾ വന്ന് ഞങ്ങളോട് വിക്കറ്റിൽ നിന്ന് 2.5 മീറ്റർ അകലെ നിൽക്കാൻ അതായത് കയറിനു പുറത്ത് പോയി പിച്ച് പരിശോധിക്കാൻ പറഞ്ഞു. അങ്ങനെയൊരു കാര്യം ഞാൻ ഒരിക്കലും കണ്ടിട്ടില്ല,’ കോതക് മാധ്യമങ്ങളോട് പറഞ്ഞു. ഇതിൽ പരാതി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘മത്സരത്തിന് മുമ്പ് തന്നെ ക്യുററ്ററോടൊപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് നമുക്ക്് മനസിലായി. പൊസെസീവാകുന്നത് നല്ലതാണ് എന്നാൽ ഒരുപാടാകുന്നത് നല്ലതല്ല. ഞങ്ങൾ ജോഗേഴ്സും സ്പൈക്സുമാണ് ഇട്ടിരുന്നത്. അതിനാൽ തന്നെ പ്രശ്നമൊന്നുമില്ലായിരുന്നു,’ കോതാക് പറഞ്ഞു.
