ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കുന്നത് തടയേണ്ട ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി.


ഇന്ത്യയും പാകിസ്താനും തമ്മിൽ ക്രിക്കറ്റ് കളിക്കുന്നത് തടയേണ്ട ആവശ്യമില്ലെന്ന് മുൻ ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി. എന്നാൽ പഹൽഗാമിലേതുപോലുള്ള ഭീകരാക്രമണങ്ങൾ ഒരിക്കലും സംഭവിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏഷ്യാ കപ്പ് മത്സരക്രമം പുറത്തുവന്നതിന് പിന്നാലെയാണ് മുൻ ഇന്ത്യൻ നായകന്റെ പ്രതികരണം.
ഐസിസി ടൂര്‍ണമെന്റുകളിലും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് കീഴില്‍ നടക്കുന്ന ഏഷ്യാ കപ്പിലും മാത്രമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കാറുള്ളത്. ദിരാഷ്ട്ര ടൂർണമെന്റുകളിലും ത്രിരാഷ്ട്ര ടൂർണമെന്റുകളിലും ഇപ്പോൾ ഇന്ത്യ-പാക്സിതാൻ മത്സരം നടക്കാറില്ല. പാകിസ്താൻ ഉള്ള മറ്റ് ടൂർണമെന്റുകളിൽ നിന്നും ഇന്ത്യ പിന്മാറാമെന്ന ആവശ്യം പല കോണിൽ നിന്നും ഉയർന്നിരുന്നു.
അടുത്തിടെ പാകിസ്താനില്‍ നടന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്കായും ഇന്ത്യ, പാകിസ്താനിലേക്ക് യാത്ര ചെയ്തിരുന്നില്ല. പകരം ടൂര്‍ണമെന്റ് ഹൈബ്രിഡ് മോഡലിലാക്കി ഇന്ത്യയുടെ മത്സരങ്ങളെല്ലാം ദുബായില്‍ നടത്തുകയായിരുന്നു. 2024-2027 കാലത്തില്‍ ഇന്ത്യയിലോ പാകിസ്താനിലോ നടക്കുന്ന എല്ലാ ഐസിസി ടൂര്‍ണമെന്റുകള്‍ക്കും ഹൈബ്രിഡ് മോഡല്‍ ഏര്‍പ്പെടുത്താന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ (ഐസിസി) തീരുമാനിച്ചിരുന്നു.
അതേ സമയം ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്റ് ഇത്തവണ യുഎഇയില്‍ വെച്ചാണ് നടക്കുന്നത്. സെപ്റ്റംബര്‍ 9 മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ്. ഒരേ ഗ്രൂപ്പിലാണ് ഇന്ത്യയും പാകിസ്താനുമുള്ളത്. ഇരുവരും ഏറ്റുമുട്ടുന്ന ഗ്രൂപ്പ് പോരാട്ടം സെപ്റ്റംബര്‍ 14-നാണ്.
