
വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കിങ്ഡം’ ട്രെയിലർ പുറത്തിറങ്ങി. നാനിയുടെ ഹിറ്റ് ചിത്രം ‘ജേഴ്സി’ സംവിധാനം ചെയ്ത ഗൗതം തിന്നനൂരിയാണ് ‘കിങ്ഡം’ അണിയിച്ചൊരുക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങിയ ട്രെയിലറിൽ ആക്ഷൻ രംഗങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.
[Vijay Deverakonda’s ‘Kingdom’ trailer released]
മലയാളികൾക്ക് സുപരിചിതനായ വെങ്കിടേഷ് ആണ് ചിത്രത്തിൽ വിജയ് ദേവരകൊണ്ടയുടെ വില്ലനായി എത്തുന്നത്. ‘ദി പ്രീസ്റ്റ്’, ‘സ്റ്റാൻഡ് അപ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ വെങ്കി ശ്രദ്ധേയനായിരുന്നു. മലയാളത്തിൻ്റെ സ്വന്തം ബാബുരാജും ട്രെയിലറിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
താത്കാലികമായി ‘വിഡി 12’ എന്ന് പേരിട്ടിരുന്ന ‘കിങ്ഡം’ രണ്ട് ഭാഗങ്ങളായാണ് തിയറ്ററുകളിലെത്തുക എന്ന് നിർമാതാവ് നാഗ വംശി വ്യക്തമാക്കിയിരുന്നു. മലയാളികളായ ജോമോൻ ടി. ജോൺ, ഗിരീഷ് ഗംഗാധരൻ എന്നിവരാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിനായി വിജയ് ദേവരകൊണ്ട കഠിനമായ പരിശീലനങ്ങളാണ് നടത്തിയത്. ‘ഐസ് ബാത്ത്’ അടക്കമുള്ള അദ്ദേഹത്തിൻ്റെ പരിശീലന വിഡിയോകൾ നേരത്തെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭാഗ്യശ്രീ ബോർസ്, രുക്മിണി വസന്ത് എന്നിവരാണ് ചിത്രത്തിലെ നായികമാർ. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. സിത്താര എൻ്റർടൈൻമെൻ്റും ഫോർച്യൂൺ 4-ഉം ചേർന്നാണ് ‘കിങ്ഡം’ നിർമ്മിക്കുന്നത്. ചിത്രം മെയ് 30-ന് തിയറ്ററുകളിൽ എത്തും.
