റാഷ്ഫോർഡിനെ കൈമാറുന്നതിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ബാഴ്സലോണയും തമ്മിൽ കരാറിലെത്തി

ഇംഗ്ലീഷ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫോർവേഡ് താരം മാർക്കസ് റാഷ്ഫോർഡിനെ സ്വന്തമാക്കി സ്പാനിഷ് ക്ലബ് ബാഴ്സലോണ. റാഷ്ഫോർഡിനെ കൈമാറുന്നതിൽ ഇരുക്ലബുകളും തമ്മിൽ കരാറിലെത്തി. ലോൺ അടിസ്ഥാനത്തിലാണ് താരത്തെ ബാഴ്സ സ്വന്തമാക്കിയിരിക്കുന്നത്. ഒരു വർഷത്തിന് ശേഷം താരത്തെ സ്ഥിരം കരാറിൽ സ്വന്തമാക്കാനുള്ള താൽപ്പര്യവും ബാഴ്സലോണ ഡീലിൽ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ സ്പാനിഷ് ഫുട്ബോൾ ലീഗായ ലാ ലീഗയിൽ ചാംപ്യന്മാരായിരുന്നു ബാഴ്സലോണ. ഇത്തവണ കിരീടം നിലനിർത്താൻ ബാഴ്സയുടെ മുൻനിരയിൽ റാഷ്ഫോർഡിനെ പോലൊരു താരത്തെ ആവശ്യമെന്ന് ക്ലബ് പരിശീലകൻ ഹാൻസി ഫ്ലിക്ക് പറയുന്നു. ‘ബാഴ്സയുടെ കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ മുൻനിരയിൽ മികച്ച പ്രകടനം ഉണ്ടാകുന്നില്ല. അതിനായുള്ള താരങ്ങളെ കണ്ടെത്താൻ ക്ലബ് ശ്രമം നടത്തുകയാണ്.’ ഫ്ലിക്ക് പ്രതികരിച്ചു.

2015ലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായി റാഷ്ഫോർഡ് അരങ്ങേറ്റം കുറിച്ചത്. ഇതുവരെ 426 മത്സരങ്ങളിൽ യുണൈറ്റഡിനായി പന്ത് തട്ടിയ റാഷ്ഫോർഡ് 126 തവണ വലചലിപ്പിച്ചിട്ടുണ്ട്. 138 ഗോളുകളും 79 അസിസ്റ്റുകളും റാഷ്ഫോർഡിന്റെ പേരിലുണ്ട്. കഴിഞ്ഞ സീസണിന്റെ പകുതിയിൽ താരം ആസ്റ്റൺ വില്ലയിൽ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്നു. 17 മത്സരങ്ങളിൽ നിന്ന് നാല് ഗോളുകളാണ് റാഷ്ഫോർഡ് ആസ്റ്റൺ വില്ലയ്ക്കായി നേടിയത്. എന്നാൽ സീസണിന്റെ അവസാനം പരിക്കിനെ തുടർന്ന് താരത്തിന് നഷ്ടമായിരുന്നു.
