മത്സര വേദിക്കായി ബാഴ്‌സലോണയുടെ ക്യാംപ്നൗ സജീവ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു

ഫുട്‌ബോള്‍ ആരാധകര്‍ ഏറെ ആവേശത്തോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ഫൈനലിസിമ പോരാട്ടം അടുത്തവര്‍ഷം മാര്‍ച്ചില്‍ നടക്കും. 2026 മാര്‍ച്ച് 26നും 31നും ഇടയില്‍ ഏതെങ്കിലും ദിവസമായിരിക്കും ആവേശപ്പോരാട്ടത്തിന്റെ തീയതി നിശ്ചയിക്കപ്പെടുകയെന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (AFA) പ്രസിഡന്റും റോയല്‍ സ്പാനിഷ് ഫുട്‌ബോള്‍ ഫെഡറേഷന്‍ (RFEF) പ്രസിഡന്റും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായത്.
ഇതിഹാസതാരം ലയണല്‍ മെസ്സിയും കൗമാരതാരം ലമീന്‍ യമാലും നേര്‍ക്കുനേര്‍ വരുന്നുവെന്ന വലിയ പ്രത്യേകതയും ഈ മത്സരത്തിനുണ്ട്. അര്‍ജന്റീന-സ്‌പെയിന്‍ സൂപ്പര്‍ പോരാട്ടത്തിന്റെ വേദി എവിടെയാകും എന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല. നിലവില്‍ ലണ്ടന്‍, ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളാണ് മത്സര വേദിക്കായി പരിഗണിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന് ഡയറിയോ എഎസ് റിപ്പോര്‍ട്ട് ചെയ്യുന്നു. മത്സര വേദിക്കായി ബാഴ്‌സലോണയുടെ ക്യാംപ്നൗ സജീവ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
2026ലെ ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ 80 ദിവസം മാത്രം ബാക്കിയിരിക്കെയാണ് ഫൈനലിസിമ പോരാട്ടവും നടക്കുക. ഫിഫ ലോകകപ്പിന് മുന്നോടിയായി ഇരുടീമുകള്‍ക്കും കരുത്ത് തെളിയിക്കാനുള്ള അവസരമായിരിക്കും ഇത്. 2026 ജൂണ്‍ 11 മുതല്‍ അമേരിക്കയിലാണ് ലോകകപ്പ് മത്സരങ്ങള്‍ അരങ്ങേറുന്നത്.
