വി എസ് വരുമ്പോള്‍ ഞാനിവിടെ വേണ്ടേ; ഹരിപ്പാട് കാത്ത് നിന്ന് രമേശ് ചെന്നിത്തല

ഹരിപ്പാട് നിന്നും കരുവാറ്റ, തോട്ടപ്പള്ളി, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ഇനി വിലാപയാത്ര നിര്‍ത്തുക.

ആലപ്പുഴ: വി എസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴയിലേക്ക് കടന്നു. കരയിലക്കുളങ്ങരയിലേക്ക് എത്തിയ വിലാപയാത്ര അടുത്തതായി ഹരിപ്പാടേക്ക് എത്തിച്ചേരും. വിഎസിന് അന്ത്യയാത്രാമൊഴി നല്‍കാന്‍ ആള്‍ക്കൂട്ടത്തിനൊപ്പം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുമുണ്ട്. ഹരിപ്പാടിലൂടെ വിഎസ് കടന്നുപോകുമ്പോള്‍ താനിവിടെ വേണ്ടെയെന്നാണ് രമേശ് ചെന്നിത്തല റിപ്പോർട്ടറിനോട് പ്രതികരിച്ചത്.

‘വിലാപയാത്ര കായംകുളം വിട്ടപ്പോഴാണ് ഇവിടെയെത്തിയത്. ഹരിപ്പാടുമായി വിഎസിന് വളരെയേറെ വ്യക്തിബന്ധമുണ്ട്. ഇവിടെയുള്ള ഓരോരുത്തരേയും അദ്ദേഹത്തിന് നേരിട്ട് അറിയാവുന്നയാളാണ്. എനിക്കത് അനുഭവമുള്ള കാര്യമാണ്. വ്യക്തിപരമായി ഞങ്ങള്‍ തമ്മില്‍ നല്ല വ്യക്തിബന്ധമുണ്ട്. എന്റെ മണ്ഡലത്തിലൂടെ കടന്നുപോകുമ്പോള്‍ ഞാനിവിടെ വേണ്ടേ. അന്ത്യയാത്രയല്ലേ’, രമേശ് ചെന്നിത്തല പ്രതികരിച്ചു.


ഹരിപ്പാട് നിന്നും കരുവാറ്റ, തോട്ടപ്പള്ളി, അമ്പലപ്പുഴ, വണ്ടാനം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലാണ് ഇനി വിലാപയാത്ര നിര്‍ത്തുക. 11 മണിക്ക് സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനം ഉണ്ടാകും. തുടര്‍ന്ന് ബീച്ചിലെ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം വലിയചുടുക്കാട്ടില്‍ സംസ്‌കാരം നടക്കും.

Leave a Reply

Your email address will not be published. Required fields are marked *