‘എനിക്ക് വല്ലാത്തൊരു അട്രാക്ഷന്‍ ആ സിനിമയോടുണ്ട്. മറ്റ് സിനിമകളെക്കാള്‍ കുറച്ച് ഇഷ്ടക്കൂടുതല്‍ ആ സിനിമയോട് തോന്നാറുണ്ട്

ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിൽ ഒരാളാണ് എസ് എസ് രാജമൗലി. 2001ല്‍ സ്റ്റുഡന്റ് നമ്പര്‍ വണ്‍ എന്ന ചിത്രത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന രാജമൗലി വളരെ വേഗത്തില്‍ തെലുങ്കിലെ മുന്‍നിര സംവിധായകനായി മാറി. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ തലത്തിലും ആര്‍ ആര്‍ ആറിലൂടെ പാന്‍ വേള്‍ഡ് ലെവലിലും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ തനിക്ക് ഈ രണ്ടു ചിത്രങ്ങളെക്കാൾ കൂടുതൽ ഇഷ്ടം മറ്റൊരു സിനിമയോടാണെന്ന് പറയുകയാണ് രാജമൗലി. കഴിഞ്ഞ ദിവസം നടന്ന ജൂനിയർ എന്ന സിനിമയുടെ പ്രീ റീലീസ് ഇവെന്റിലാണ് പ്രതികരണം.‘ബാഹുബലിയും മഗധീരയും ചെയ്തിട്ടുണ്ടെങ്കിലും എന്റെ ബെസ്റ്റ് ഫിലിം എന്ന് ഞാന്‍ കരുതുന്നത് ഈഗയാണ്. എനിക്ക് വല്ലാത്തൊരു അട്രാക്ഷന്‍ ആ സിനിമയോടുണ്ട്. മറ്റ് സിനിമകളെക്കാള്‍ കുറച്ച് ഇഷ്ടക്കൂടുതല്‍ ആ സിനിമയോട് തോന്നാറുണ്ട്. പലര്‍ക്കും എന്റെ മറ്റ് സിനിമകളാകും ഇഷ്ടം. എനിക്ക് ഈഗയാണ്,’ രാജമൗലി പറഞ്ഞു.
നാനി, കിച്ച സുദീപ്, സമന്ത എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ചിത്രമാണ് ഈഗ. തമിഴില്‍ നാന്‍ ഈ എന്ന പേരിലും മലയാളത്തില്‍ ഈച്ച എന്ന പേരിലും ചിത്രം പ്രദര്‍ശനത്തിനെത്തിയിരുന്നു. ഈച്ചയായി പുനര്‍ജനിച്ച നായകന്‍ വില്ലനോട് പ്രതികാരം ചെയ്യുന്ന കഥയാണ് ചിത്രം പറഞ്ഞത്. ബോക്‌സ് ഓഫീസില്‍ വന്‍ വിജയം ചിത്രം സ്വന്തമാക്കിയിരുന്നു.
