
പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, അധികൃതരുടെ കണ്ണുവെട്ടിച്ച് റഷ്യന്‍ വനിത കര്‍ണാടകയിലെ കൊടുംകാട്ടില്‍ കഴിഞ്ഞത് എട്ടുവര്‍ഷത്തോളം. കൊടുംകാട്ടിലെ ഗുഹയില്‍ നിന്നാണ് റഷ്യന്‍ വനിതയേയും രണ്ട് കുട്ടികളേയും പൊലീസ് കണ്ടെത്തിയത്. ശാന്തി തേടി കാട്ടിലൂടെയുള്ള ആത്മീയ യാത്രയ്ക്കിടെ യുവതിയും കുട്ടികളും രണ്ട് മാസത്തോളമായി ഈ ഗുഹയില്‍ താമസിച്ചുവരികയായിരുന്നു. റഷ്യന്‍ പൗരയായ നിന കുട്ടീന, ആറു വയസുകാരി പ്രേമ, നാലുവയസുകാരി അമ എന്നിവരെയാണ് ഗുഹയില്‍ നിന്ന് കണ്ടെത്തിയത്. (Russian woman and her kids found living in a Karnataka cave)
നഗരജീവിതത്തിന്റെ തിരക്കുകകളില്‍ നിന്ന് മാറി മറ്റ് മനുഷ്യരുടെ സമ്പര്‍ക്കം ഒഴിവാക്കി ശാന്തമായ ജീവിതം നയിക്കാനും ധ്യാനിക്കാനുമാണ് തങ്ങള്‍ ഇവിടെയെത്തിയതെന്ന് നിന പൊലീസിനോട് പറഞ്ഞു. മണ്ണിടിച്ചില്‍ സാധ്യതയുള്ള, വിഷപ്പാമ്പുകളും മറ്റ് വന്യജീവികളുമുള്ള ഉള്‍ക്കാട്ടിലെ ഗുഹയില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. കര്‍ണാടക ഗോകര്‍ണയിലെ രാമതീര്‍ഥ കുന്നിന് മുകളിലാണ് ആരുമറിയാതെ നിനയും പെണ്മക്കളും താമസിച്ച് വന്നിരുന്നത്. നിന ഗുഹയില്‍ പൂജയും ധ്യാനവുമായി കഴിഞ്ഞുവരികയായിരുന്നുവെന്നാണ് സൂചന. വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കാനുള്ള പതിവ് പരിശോധനയ്ക്കിടെയാണ് പൊലീസ് ഗുഹയില്‍ മനുഷ്യവാസമുള്ളതായി കണ്ടെത്തിയത്. ഇന്‍സ്പെക്ടര്‍ ശ്രീധറും സംഘവും പട്രോളിങ്ങിനിറങ്ങിയപ്പോള്‍ ഗുഹാ പരിസരത്ത് വസ്ത്രങ്ങളും പ്ലാസ്റ്റിക് ഷീറ്റുകളും തൂക്കിയിട്ടിരിക്കുന്നത് കണ്ട് സംശയം തോന്നുകയും ഗുഹയ്ക്കുള്ളില്‍ കയറി പരിശോധിക്കുകയുമായിരുന്നു. പൊലീസ് ആവശ്യപ്പെട്ടിട്ടും ആദ്യഘട്ടത്തില്‍ ഗുഹയില്‍ നിന്ന് മാറാന്‍ തയ്യാറാകാതിരുന്ന അമ്മയേയും മക്കളേയും ഗുഹയിലെ അപകടസാധ്യതകള്‍ ഏറെ പണിപ്പെട്ട് പറഞ്ഞ് മനസിലാക്കി പൊലീസ് ഒഴിപ്പിക്കുകയായിരുന്നു. മൂവരേയും കുംതയിലെ വനിതാ സന്ന്യാസി യോഗരത്നയുടെ ആശ്രമത്തിലേക്ക് മാറ്റി
തങ്ങളുടെ അജ്ഞാത വനവാസത്തെക്കുറിച്ച് നിന സുഹൃത്തിനയച്ച സന്ദേശവും ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നുണ്ട്. തന്റെ യാത്രയിലൊരിക്കല്‍പ്പോലും ഒരു വിഷപ്പാമ്പും ഒരു മൃഗവും ഉപദ്രവിക്കാന്‍ വന്നിട്ടില്ലെന്നും ഞങ്ങള്‍ ഭയക്കുന്നത് മനുഷ്യനെ മാത്രമാണെന്നും സൂചിപ്പിച്ചുകൊണ്ടാണ് സന്ദേശം. ‘ഒടുവില്‍ ഇവര്‍ ഞങ്ങളെ പ്രകൃതിയില്‍ നിന്ന് വേര്‍പിരിക്കുകയാണ്. ഞങ്ങള്‍ ഗുഹാജീവിതം അവസാനിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ സുഖമായി ജീവിച്ചിരുന്ന വീടിപ്പോള്‍ തകര്‍ക്കപ്പെട്ടു. എന്നിട്ടിതാ ഞങ്ങള്‍ക്ക് ആകാശമോ പച്ചപ്പോ വെള്ളച്ചാട്ടമോ ഇല്ലാത്ത ഈ ജയിലിലെ തണുത്ത നിലത്ത് കിടക്കേണ്ടി വരുന്നു. അവര്‍ പറയുന്നത് മഴയില്‍ നിന്നും പാമ്പുകളില്‍ നിന്നും ഞങ്ങളെ രക്ഷിച്ചുവെന്നാണ്. പാമ്പുകള്‍ ഞങ്ങളുടെ കൂട്ടുകാരായിരുന്നു. തിരിച്ച് ഉപദ്രവിക്കാതെ അവ നമ്മുക്ക് ഒരു ദ്രോഹവും ചെയ്യില്ല. മഴയത്ത് ജീവിക്കുന്നതിന്റെ സുഖം വേറെ തന്നെയാണ്. ഒരു പാമ്പും ഒരു മൃഗവും ഞങ്ങളെ ഉപദ്രവിക്കാനായി വന്നിട്ടേയില്ല. ഞങ്ങള്‍ക്ക് ആകെ ഭയം മനുഷ്യരെയാണ്’. നിനയുടെ വാക്കുകള്‍ ഇങ്ങനെ.
ഗുഹയില്‍ പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ വിരിച്ചാണ് അമ്മയും മക്കളും ഉറങ്ങിയിരുന്നത്. ഇന്‍സ്റ്റന്റ് ന്യൂഡില്‍സായിരുന്നു പലപ്പോഴും ഭക്ഷണം. പലവിധ മൂര്‍ത്തികളുടെ ചിത്രങ്ങളും വിഗ്രഹങ്ങളും വച്ച് നിന പൂജ നടത്താറുമുണ്ടായിരുന്നു. നിനയുടെ പാസ്പോര്‍ട്ട് കാലാവധി 2017ല്‍ അവസാനിച്ചതാണ്. ഇവരെ റഷ്യയിലേക്ക് തിരികെ അയയക്കാനുള്ള ശ്രമങ്ങളും നടക്കുകയാണ്.
