
പാ രഞ്ജിത് ചിത്രം ‘വേട്ടുവത്തിന്റെ’ ചിത്രീകരണത്തിനിടെയുണ്ടായ ദാരുണമായ സംഭവം സ്റ്റണ്ട് മാസ്റ്റർ എസ്. മോഹൻരാജിന്റെ ജീവനെടുത്തത് സിനിമാ ലോകത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. സംഘട്ടന രംഗങ്ങളിലെ കലാകാരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ ഇതോടെ വീണ്ടും സജീവ ചർച്ചയായി. ഈ നിർണായക ഘട്ടത്തിൽ ബോളിവുഡിലെ സ്റ്റണ്ട് കലാകാരന്മാർക്ക് അക്ഷയ് കുമാർ നൽകുന്ന പിന്തുണയെക്കുറിച്ച് സംവിധായകൻ വിക്രം സിംഗ് ദഹിയ നടത്തിയ വെളിപ്പെടുത്തൽ ഏറെ ശ്രദ്ധേയമാകുകയാണ്. ഇത് സിനിമാ ലോകത്തിന് തന്നെ ഒരു മാതൃകയായി മാറുകയാണ്.
ദഹിയയുടെ വാക്കുകൾ പ്രകാരം, ബോളിവുഡിലെ ഏകദേശം 650 മുതൽ 700 വരെ വരുന്ന സ്റ്റണ്ട് മാൻമാർക്കായി അക്ഷയ് കുമാർ ഇൻഷുറൻസ് ഏർപ്പെടുത്തിയിട്ടുണ്ട്. “ആരോഗ്യ-അപകട പരിരക്ഷയാണ് ഇതിലൂടെ ഉറപ്പുവരുത്തുന്നത്. സെറ്റിലോ പുറത്തോ വെച്ച് സ്റ്റണ്ട്മാന് പരിക്കേറ്റാൽ അഞ്ചര ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ലഭിക്കും,” ദഹിയ പറയുന്നു. ഇത് മാത്രമല്ല അപകടമരണമുണ്ടായാൽ കുടുംബത്തിന് 25 ലക്ഷം രൂപ ഇൻഷുറൻസിൽ നിന്ന് ലഭിക്കും എന്നത് അവരുടെ ഭാവിക്കും സുരക്ഷയ്ക്കും വലിയൊരു ആശ്വാസമാണ്.
