Accident Kerala News latest news thrissur

6 വരിപ്പാതയി‌ലേക്ക് പ്രവേശിക്കുന്നത് 21 ചെറു റോഡുകൾ, മൂന്ന് വര്‍ഷത്തിനുള്ളില്‍ 18 അപകട മരണങ്ങൾ; വ്യാപക പരാതി

തൃശൂര്‍: മണ്ണുത്തി -വടക്കഞ്ചേരി ആറുവരി ദേശീയ പാതയില്‍ വടക്കഞ്ചേരിക്കും വാണിയമ്പാറയ്ക്കും ഇടയില്‍ പ്രദേശവാസികള്‍ യാത്രചെയ്യുന്നത് ജീവന്‍ പണയംവച്ച്. സര്‍വീസ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാത്തത് അപകടങ്ങള്‍ ക്ഷണിച്ചു വരുത്തുമ്പോള്‍ ദേശീയപാത അതോറിറ്റിയോ, നിര്‍മാണ കമ്പനിയോ, ജനപ്രതിനിധികളോ ശ്രദ്ധിക്കുന്നില്ല. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ 18 ജീവനുകളാണ് റോഡില്‍ പൊലിഞ്ഞത്.

വടക്കഞ്ചേരി മുതല്‍ വാണിയമ്പാറ വരെ 21 റോഡുകള്‍ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നുണ്ട്. ഇതാണ് അപകടം ക്ഷണിച്ചു വരുത്തുന്നത്. ചെറുറോഡുകളില്‍നിന്നും ദേശീയപാതയിലേക്ക് കയറുന്ന വഴിയില്‍ കാഴ്ച മറയ്ക്കുന്നതെല്ലാം മാറ്റുമെന്നും ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കുമെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ നടപടി ഉണ്ടായില്ല. നാട്ടുകാര്‍ നിരന്തരം സമരം ചെയ്തിട്ടും സര്‍വീസ് റോഡ് പൂര്‍ത്തീകരിക്കാനും നടപടി സ്വീകരിക്കുന്നില്ല.

വടക്കഞ്ചേരി മുതല്‍ മണ്ണുത്തിവരെ 28 കിലോമീറ്റര്‍ റോഡില്‍ പലയിടത്തും തടസങ്ങളാണ്. ആറുവരിപ്പാതയ്ക്ക് തുടക്കം കുറിക്കുന്ന വടക്കഞ്ചേരി മേല്‍പ്പാലം കുത്തിപ്പൊളിച്ചത് 65 തവണയാണ്. ഇപ്പോഴും പാലം ബലക്ഷയത്തിലാണ്. വാണിയമ്പാറ, കല്ലിടുക്ക്, മുടിക്കോട് എന്നിവിടങ്ങളില്‍ അടിപ്പാത നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. ഇത് ഗതാഗത തടസമുണ്ടാക്കുന്നു.

2009 ല്‍ ദേശീയപാത നിര്‍മാണം ആരംഭിച്ചത് മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ ഈ പാതയില്‍ 316 പേര്‍ അപകടങ്ങളില്‍ മരിച്ചതായി വിവരാവകാശ രേഖകള്‍ പറയുന്നു. ഈ മാസം 15 മുതല്‍ ദേശീയപാതയിലെ അഞ്ചു കിലോമീറ്റര്‍ പരിധിക്ക് അപ്പുറമുള്ളവരില്‍നിന്ന് ടോള്‍ പിരിക്കുമെന്ന് ടോള്‍ കമ്പനി പറയുമ്പോള്‍ നിര്‍മാണങ്ങളെല്ലാം പൂര്‍ത്തിയാക്കിയ ശേഷം ടോളിനെക്കുറിച്ച് ആലോചിച്ചാല്‍ മതിയെന്നാണ് നാട്ടുകാര്‍ പറയുന്നത്. കണ്ണമ്പ്ര വ്യവസായ പാര്‍ക്ക് കൂടി വരുന്നതോടെ സര്‍വീസ് റോഡ് ഇല്ലെങ്കില്‍ ഒന്നും നടക്കാത്ത സ്ഥിതിയാകും.

ദേശീയപാതാ അതോറിറ്റിയും മോട്ടോര്‍ വെഹിക്കിള്‍ എന്‍ഫോഴ്‌സ്‌മെന്റും പൊലീസും ജനപ്രതിനിധികളും സുരക്ഷാ പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയില്ല.

ദേശീയപാത നിര്‍മാണത്തിലെ അപാകത സംബന്ധിച്ച് പ്രദേശവാസികളുടെ പരാതിയില്‍ കെ. രാധാകൃഷ്ണന്‍ എം.പിയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയും നടപടി സ്വീകരിക്കാന്‍ ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് ദേശീയപാത പ്രൊജക്ട് ഡയറക്ടര്‍ ഉറപ്പ് നല്‍കി പോയതല്ലാതെ ഒന്നും സംഭവിച്ചില്ല.

റോഡ് സുരക്ഷ സംബന്ധിച്ച് വാളയാര്‍ മുതല്‍ വാണിയമ്പാറ വരെ ദേശീയപാതയില്‍ വകുപ്പ് അധികാരികളുടെ സംയുക്ത പരിശോധനയില്‍ വേണ്ടതായ സുരക്ഷാ സംവിധാനങ്ങള്‍ ഇല്ലെന്നും റോഡ് നിര്‍മാണത്തിലെ അപാകതയും കണ്ടെത്തിയിരുന്നു. പക്ഷേ തുടര്‍നടപടി ഉണ്ടായില്ല.

Related posts

ദമ്പതികളെ കൊല്ലുമെന്ന് ഭീഷണി പിന്നാലെ മകനെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു; 3 വര്‍ഷമായി ഒളിവിൽ, യുവാവ് പിടിയിൽ

sandeep

തൃശൂർ നഗരത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തിൽ വൻ അഗ്നിബാധ. ലക്ഷങ്ങളുടെ നാശ നഷ്ടം.

Sree

ഇന്ദുജയുടെ മരണത്തിൽ വഴിത്തിരിവ്; ഭർത്താവിന്റെ സുഹൃത്ത് ഇന്ദുജയെ മർദ്ദിച്ചിരുന്നു, അജാസ് പൊലീസ് കസ്റ്റഡിയിൽ

sandeep

Leave a Comment