തൃശ്ശൂര്‍: ചാലക്കുടി പോട്ട ബാങ്ക് കൊള്ള കേസിലെ പ്രതിയുടെ വീട്ടിൽ നിന്ന് മോഷണം പോയ പന്ത്രണ്ട് ലക്ഷം രൂപ കണ്ടെത്തി. പ്രതി റിജോ ആന്‍റണിയെ ഇന്നലെ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് 12 ലക്ഷം കണ്ടെത്തിയത്. ബാങ്കിലെ ബാധ്യതയുള്ള കടം വീട്ടാനാണ് മോഷ്ടിച്ചതെന്നായിരുന്നു പ്രതിയുടെ ആദ്യമൊഴി. ഇന്നലെയാണ് പ്രതി പൊലീസിന്റെ പിടിയിലായത്. കവർച്ച നടന്ന് മൂന്നാം ദിവസമാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.
49 ലക്ഷം രൂപയുടെ കടം തീര്‍ക്കാന്‍ വേണ്ടിയാണ് കവര്‍ച്ച നടത്തിയതെന്നാണ് പ്രതിയുടെ മൊഴി. എന്നാല്‍ പതിനഞ്ച് ലക്ഷം മാത്രം എടുത്തത് ബാങ്കിലുള്ളവർ പുറത്തുള്ളവരെ ഫോണ്‍ ചെയ്ത് വിവരങ്ങള്‍ അറിയിക്കുമെന്ന ഭയം മൂലമെന്നാണ് കുറ്റസമ്മത മൊഴി. കുറച്ചു സമയം മാത്രമേ ബാങ്കിലുണ്ടായിരുന്നുള്ളൂ. കയ്യില്‍ കിട്ടിയതുമായി മടങ്ങുക എന്നതായിരുന്നു ലക്ഷ്യം. ബാങ്ക് ജീവനക്കാരെ ഭീഷണിപ്പെടുത്താനുപയോഗിച്ച കത്തി മുമ്പ് ഗള്‍ഫിലുണണ്ടായിരുന്നപ്പോള്‍ വാങ്ങിയതായിരുന്നു. മോഷണ ശേഷം വീട്ടിലേക്ക് മടങ്ങുമ്പോള്‍ പരമാവധി ക്യാമറയില്‍ നിന്ന് ഒഴിവാകാന്‍ ശ്രമിച്ചിരുന്നു. പെരാമ്പ്ര അപ്പോളോയുടെ ഭാഗത്ത് ചുറ്റി സഞ്ചരിച്ച ശേഷമാണ് വീട്ടില്‍ കയറിയത്. പിടിക്കപ്പെടില്ല എന്ന ആത്മവിശ്വാത്തിലാണ് വീട്ടിലിരുന്നതെന്നും പ്രതി പൊലീസിന് മൊഴി നല്‍കി. ഇന്ന് തെളിവെടുപ്പ് പൂർത്തിയാക്കിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.