മഹീന്ദ്ര സൂപ്പര്‍ ലീഗ് കേരള പ്രഥമ ഫൈനലില്‍ മാറ്റുരക്കുക ഫോഴ്‌സ കൊച്ചി എഫ്സിയും കാലിക്കറ്റ് എഫ്സിയും. കോഴിക്കോട് ഇംഎംഎസ് സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം സെമിയില്‍ കണ്ണൂര്‍ വാരിയേഴ്‌സിനെ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കൊച്ചി അവസാന പോരാട്ടത്തിന് ബര്‍ത്ത് ഉറപ്പിച്ചത്.
ഗോള്‍ രഹിതമായിരുന്നു ആദ്യ പകുതി. എന്നാല്‍ രണ്ടാംപകുതിയില്‍ ബ്രസീലിയന്‍ താരം ഡോറിയല്‍ട്ടന്‍ ഗോമസ് കളിയുടെ ഗതി നിര്‍ണയിക്കുന്ന രണ്ട് ഗോളുകള്‍ നേടിയതോടെ കണ്ണൂരിന് പുറത്തേക്കുള്ള ടിക്കറ്റ് ഉറച്ചു.
ആദ്യ പതിനഞ്ച് മിനിറ്റില്‍ വിരസമായ നീക്കങ്ങളായിരുന്നു ഇരുടീമുകളുടെയും ഭാഗത്ത് നിന്നുണ്ടായത്. ഗോളിലേക്ക് ആവേശം നിറക്കുന്ന ഒരു നീക്കങ്ങള്‍ പോലും ഇല്ലാതെ വന്നതോടെ ഫാന്‍സും നിരാശരായിരുന്നു.
എന്നാല്‍ 16-ാം മിനിറ്റില്‍ കളിയുടെ വിരസത മാറ്റിയ നീക്കമുണ്ടായി. കൊച്ചിയുടെ ഡോറിയല്‍ട്ടന്‍ നല്‍കിയ പന്തില്‍ നിജോ ഗില്‍ബര്‍ട്ടിന്റെ ഗോള്‍ ശ്രമം. പക്ഷേ ലക്ഷ്യത്തില്‍ നിന്ന് അകന്ന് പന്ത് കണ്ണൂര്‍ പോസ്റ്റിന് മുകളിലൂടെ പുറത്തേക്ക്.