ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20യിലും മലയാളി താരം സഞ്ജു സാംസണ്‍ നിരാശപ്പെടുത്തി. ടി20 ക്രിക്കറ്റിലെ ആദ്യ പത്ത് ടീമുകളിലെ താരങ്ങളില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അഞ്ച് തവണ പൂജ്യത്തിന് പുറത്തവുന്ന ആദ്യ ബാറ്ററാണ് സഞ്ജു.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പൂജ്യനായി മടങ്ങിയതോടെ ടി20 ക്രിക്കറ്റില്‍ പൂജ്യത്തിന് പുറത്താവുന്ന ഇന്ത്യൻ താരങ്ങളില്‍ കെ എല്‍ രാഹുലിനെ മറികടന്ന് സഞ്ജു മൂന്നാം സ്ഥാനത്തെത്തി.
കഴിഞ്ഞ മത്സരത്തില്‍ സഞ്ജുവിനെ പുറത്താക്കിയ മാര്‍ക്കോ യാന്‍സന്‍ തന്നെയാണ് ഇത്തവണയും സഞ്ജുവിനെ പുറത്താക്കിയത്. നേരിട്ട രണ്ടാം പന്തില്‍ സഞ്ജുവിനെ മാര്‍ക്കോ യാന്‍സന്‍ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മൂന്നാം ടി20യിലും ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു.
രണ്ടാം ടി20 കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇന്നിറങ്ങിയത്. പേസര്‍ ആവേഷ് ഖാന് പകരം ഓള്‍ റൗണ്ടര്‍ രമണ്‍ദീപ് സിംഗ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി.
151 മത്സരങ്ങളില്‍ 12 തവണ പൂജ്യത്തിന് പുറത്തായ രോഹിത് ശര്‍മയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.117 ഇന്നിംഗ്സുകളില്‍ ഏഴ് തവണ പൂജ്യത്തിന് പുറത്തായിട്ടുള്ള വിരാട് കോലിയാണ് രണ്ടാമത്.
32 ഇന്നിംഗ്സുകളില്‍ ആറ് തവണ പൂജ്യനായി മടങ്ങിയാണ് സഞ്ജു നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനത്തെത്തിയത്.