latest latest news Pulwama Attack:

Pulwama Attack: പുൽവാമ ഭീകരാക്രമണം: ധീരജവാന്മാരുടെ രക്തസാക്ഷിത്വത്തിന്റെ നാലാം വാർഷികം

Pulwama Attack രാജ്യത്തെ നടുക്കിയ പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്നേക്ക് നാല് വർഷം. രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ അനേകം സൈനികരുടെ വേദനിപ്പിക്കുന്ന ഓർമയിൽ വിതുമ്പി രാജ്യം. 2019 ഫെബ്രുവരി 14 നാണ് രാജ്യത്തെ ഒട്ടാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് പുൽവാമയിൽ ഭീകരാക്രമണം നടന്നത്. ഭാരത മണ്ണിന് കാവലായിരുന്ന 40 ധീര ജവാന്മാരെയാണ് അന്ന് ഭാരതാംബയ്ക്ക് നഷ്ടമായത്.

2019 ഫെബ്രുവരി 14, ഉച്ചകഴിഞ്ഞ് 3.15 മണിയോടെ, അവധി കഴിഞ്ഞ് മടങ്ങുന്നവർ അടക്കം കേന്ദ്ര റിസർവ്വ് പോലീസ് സേനയിലെ 2500 ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു. ദേശീയപാത 44 ൽ അവന്തി പുരയ്ക്കടുത്ത് സ്ഫോടക വസ്തുക്കൾ നിറച്ച സ്‌കോർപിയോവാൻ വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറി. ഉഗ്ര സ്ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാവാത്തവിധം തകർന്നു. മൃതദേഹങ്ങൾ 100 മീറ്റർ ചുറ്റുവട്ടത്ത് ചിതറിത്തെറിച്ചു. പിന്നാലെ എത്തിയ ബസുകൾക്കും സ്‌ഫോടനത്തിൽ കേടുപാടുകൾ പറ്റി. പൂർണമായി തകർന്ന 76 ആം ബറ്റാലിയന്റെ ബസിൽ 40 പേരാണുണ്ടായിരുന്നത്. നിരവധി ജവാന്മാർക്ക് പരിക്കേൽക്കുകയും ചെയ്തു. പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദായിരുന്നു ഈ ആക്രമണത്തിന് പിന്നിൽ.

വീരമൃത്യു വരിച്ചവരിൽ വയനാട് ലക്കിടി സ്വദേശി വി വി വസന്തകുമാറുമുണ്ടായിരുന്നു. ജയ്ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പുൽവാമ കാകപോറ സ്വദേശി ആദിൽ അഹമ്മദായിരുന്നു ചാവേർ. ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ അനന്തരവൻ റഷീദ് മസൂദ് 2017 നവംബറിൽ പുൽവാമയിൽ സിആർപിഎഫുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. 2018 ഒക്ടോബർ 31ന് അസ്ഹറിന്റെ രണ്ടാമത്തെ അനന്തരവൻ ഉസ്മാൻ തൽഹ റഷീദിനെയും സിആർപിഎഫ് വധിച്ചു. ഇതിന് പകരം വീട്ടുമെന്ന് അസ്ഹർ പ്രഖ്യാപിച്ചിരുന്നു. അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാർഷിക ദിനമായ ഫെബ്രുവരി 9 ന് തീവ്രവാദികൾ ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പു നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം ഉണ്ടായത്.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം 12-ാം ദിനം. ഇതിനു തിരിച്ചടിയായി ഇന്ത്യ പാകിസ്താനെതിരെ ഫെബ്രുവരി 26-ന് ബാലാക്കോട്ടിലെ ഭീകരതാവളങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. നേതാക്കളടക്കം നിരവധി ഭീകരർ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. നിരവധി ഭീകര ക്യാമ്പുകളും ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിൽ തകർന്നടിഞ്ഞു.

അന്താരാഷ്ട്ര തലത്തിൽ പാകിസ്ഥാൻ വിമർശനം നേരിട്ട സംഭവമായിരുന്നു പുൽവാമ ഭീകരാക്രമണം. മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കണമന്ന വർഷങ്ങളായുള്ള ഇന്ത്യയുടെ ആവശ്യം പുൽവാമയ്ക്കും ബാലാക്കോട്ടിനും പിന്നാലെ സാധ്യമായി. 2019 മേയ് 1-ന് ഐക്യരാഷ്ട്ര സംഘടന (യുഎൻ) മസൂദ് അസ്ഹറിനെ ഭീകരനായി പ്രഖ്യാപിച്ചതോടെ, ഭീകരതയ്ക്കെതിരെ പ്രത്യക്ഷ നടപടിക്ക് പാക്കിസ്ഥാനും നിർബന്ധിതമായി. 10 വർഷമായി പാക്ക് ഭീകരതയ്ക്കെതിരെ ഇന്ത്യ നടത്തുന്ന നയതന്ത്ര യുദ്ധത്തിന്റെ കൂടി വിജയമായിരുന്നു യുഎൻ രക്ഷാസമിതി തീരുമാനം.

പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തതിനു തൊട്ടുപിന്നാലെ യുഎൻ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ ബ്രിട്ടനും ഫ്രാൻസും യുഎസും ചേർന്നാണു മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിക്കാൻ ഉപസമിതിയിൽ പ്രമേയം കൊണ്ടുവന്നത്. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൈന മാർച്ച് 13ന് ഇതു വീറ്റോ ചെയ്തതോടെ, ഈ രാജ്യങ്ങൾ രക്ഷാസമിതിയിൽ നേരിട്ടു പുതിയ പ്രമേയം കൊണ്ടുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചയിൽ വീറ്റോ ചെയ്യാനുള്ള കാരണം വ്യക്തമാക്കണമെന്നിരിക്കെ, ചൈന രാജ്യാന്തര സമ്മർദത്തിനു വഴങ്ങുകയായിരുന്നു.

Related posts

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

sandeep

പ്രശസ്ത നാടൻപാട്ട് രചയിതാവ് അറുമുഖൻ വെങ്കിടങ്ങ് അന്തരിച്ചു

sandeep

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

sandeep

Leave a Comment