Kerala News latest news pathanamthitta

ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല മോഷണശ്രമം, കഞ്ചാവ് വാങ്ങിക്കാനെന്ന് കുറ്റസമ്മതം; ഒടുവിൽ പിടിയിൽ

പത്തനംതിട്ട: കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം കോന്നി പൊലീസിന്റെ പിടിയിൽ. ഇപ്പോൾ കുമ്പഴ തുണ്ടമൺകരയിൽ താമസിക്കുന്ന തണ്ണിത്തോട് മണ്ണീറ ചാങ്ങയിൽ കിഴക്കതിൽ വിമൽ സുരേഷ് (21), വടശ്ശേരിക്കര മനോരമ ജംഗ്ഷനിൽ മൗണ്ട് സിയോൺ സ്കൂളിന് സമീപം അരുവിക്കൽ ഹൗസിൽ സൂരജ് എം നായർ(21) എന്നിവരാണ് അറസ്റ്റിലായത്. ഫെബ്രുവരി 20 ന് കോന്നി പൊലീസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ കേസിലെ ഊർജ്ജിതമാക്കിയ അന്വേഷണത്തിനൊടുവിലാണ് യുവാക്കൾ കുടുങ്ങിയത്.

ഈ മാസം 11 ന് ഇവർ കേരള എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്യുന്നതായി വിവരം ലഭിച്ചത് പ്രകാരം ചങ്ങനാശേരി റെയിൽവേ സ്റ്റേഷനിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയപ്പോൾ ഫെബ്രുവരി 21 ന് വൈകുന്നേരം 4. 30 ന് ബൈക്കിൽ യാത്ര ചെയ്ത് കോന്നി മ്ലാന്തടത്ത് വെച്ച് സ്ത്രീയുടെ സ്വർണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതും, 20 ന് ഉച്ചക്ക് 2.30 ന് കോന്നി ആഞ്ഞിലികുന്ന് വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്ത് മറ്റൊരു സ്ത്രീയുടെ സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചതും പ്രതികൾ സമ്മതിച്ചു. ഇതുപ്രകാരം രണ്ട് കവർച്ചാ ശ്രമക്കേസുകൾ കൂടി പ്രതികൾക്കെതിരെ രജിസ്റ്റർ ചെയ്ത് അറസ്റ്റ് രേഖപ്പെടുത്തി.

പ്രതികളുടെ ദേഹ പരിശോധന നടത്തിയപ്പോൾ ഉണങ്ങിയതും പച്ചയുമായ കഞ്ചാവ് ഇവരിൽ നിന്നും പിടിച്ചെടുക്കുകയും ചെയ്തു. വിൽപ്പനക്കായി ഇവ സൂക്ഷിച്ചതിനും കേസെടുത്തു. യുവാക്കൾ ലഹരി ഉപയോഗിക്കുന്നവരാണെന്നും, ലഹരിവസ്തുക്കൾ വാങ്ങുന്നതിന് പണം കണ്ടെത്താനാണ് മാല പറിക്കാൻ തുടങ്ങിയതെന്നും പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ മൂന്നുവട്ടവും ഇവരുടെ ശ്രമം പാളുകയായിരുന്നു. ഇരുവരും ഇത്തരം കുറ്റകൃത്യത്തിൽ ഉൾപ്പെടുന്നതു ആദ്യമായാണെന്നും, എന്നാൽ രണ്ടാം പ്രതി സൂരജ് റാന്നി പൊലീസ് സ്റ്റേഷനിലെ ഒരു കഞ്ചാവ് കേസിൽ പ്രതിയായിട്ടുണ്ടെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായി.

സ്ത്രീകളുടെ മാല പറിക്കാൻ ശ്രമിച്ചപ്പോൾ സഞ്ചരിച്ച വാഹനങ്ങൾ ഒന്നാം പ്രതി വിമലിന്റെ മാതാപിതാക്കളുടെ പേരിലുള്ളതാണ്. ഇരുവർക്കുമേതിരെ ആദ്യകേസ് ഈ വർഷം ഫെബ്രുവരി 20 നാണ് രജിസ്റ്റർ ചെയ്യുന്നത്. ഉച്ചയ്ക്ക് രണ്ടിന് ഇളക്കള്ളൂർ പേരമ്പക്കാവ് വച്ചാണ് ഇളക്കള്ളൂർ മണ്ണുംഭാഗം കോട്ടൂർ വീട്ടിൽ ശ്രീലേഖയുടെ മാല പറിക്കാൻ ശ്രമിച്ചത്. ഇളക്കള്ളൂർ പള്ളിപ്പടി ഭാഗത്തേക്ക് നടന്നു പോവുകയായിരുന്നു വീട്ടമ്മ. മെറൂൺ നിറത്തിലുള്ള ആക്ടീവ സ്കൂട്ടറിലാണ് യുവാക്കൾ യാത്ര ചെയ്തത്. സ്കൂട്ടർ ഓടിച്ച വിമൽ കറുത്ത ഹെൽമറ്റ് ധരിച്ചിരുന്നു. പിന്നിലിരുന്ന സൂരജ് ഡിസൈനുള്ള ഹെൽമറ്റ് ആണ് ധരിച്ചിരുന്നത്. രണ്ടുലക്ഷം രൂപ വില വരുന്ന രണ്ടര പവൻ സ്വർണമാലയാണ് പ്രതികൾ കവർന്നെടുക്കാൻ ശ്രമിച്ചത്. ശ്രീലേഖയുടെ അടുത്തേക്കെത്തിയപ്പോൾ സൂരജ് അവരുടെ കഴുത്തിൽ ശക്തമായി അടിച്ചു. തുടർന്ന് മാല വലിച്ച് പൊട്ടിച്ച് കടന്നു കളയാൻ ശ്രമിക്കവെ ഇയാളുടെ കയ്യിൽ നിന്നും മാല യാദൃശ്ചികമായി താഴെ വീഴുകയായിരുന്നു. സ്ത്രീ ബഹളം വെച്ചതും , ആ സമയം അതുവഴി ഒരു പെട്ടി ഓട്ടോ വന്നതും കാരണമായി യുവാക്കൾ മാല ഉപേക്ഷിച്ച് രക്ഷപ്പെട്ടു കടന്നു. കഴുത്തിലേറ്റ അടി കാരണം ശ്രീലേഖയ്ക്ക് കടുത്ത വേദന അനുഭവപ്പെടുകയും, പെട്ടെന്ന് ഉണ്ടായ ആക്രമണത്തിൽ ഭയചകിതയാവുകയും ചെയ്തു. കൂടാതെ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഇൻസുലേഷൻ ടേപ്പ് കൊണ്ട് മറച്ച കാരണത്താൽ അവർക്ക് വാഹനത്തെ തിരിച്ചറിയാനും സാധിച്ചിരുന്നില്ല. പിന്നീട് മാല പൊട്ടി പോയത് വിളക്കിച്ചേർക്കുന്നതിന് 3000 രൂപ ചിലവാകുകയും ചെയ്തു.

സംഭവത്തിൽ അന്നുതന്നെ കോന്നി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് ഇൻസ്പെക്ടർ പി ശ്രീജിത്ത്‌ അന്വേഷണം ആരംഭിച്ചു. സ്ഥലത്തെയും മറ്റും നൂറോളം സിസിടിവി ദൃശ്യങ്ങൾ വിശദമായി പരിശോധിച്ചത്തിന്റെ അടിസ്ഥാനത്തിൽ സ്കൂട്ടർ ഏത് ഇനത്തിൽ പെട്ടതാണെന്ന് മനസ്സിലായി. മെറൂൺ നിറത്തിലുള്ള സ്കൂട്ടറുകളുടെ വിവരം കിട്ടാനായി കോഴഞ്ചേരി പത്തനംതിട്ട ആർടിഒ ഓഫീസുകൾക്ക് അപേക്ഷ നൽകുകയും, അവ ലഭ്യമാക്കുകയും ചെയ്തു. തുടർന്ന് ഈ വാഹനങ്ങളുടെ ഉടമസ്ഥരെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. സംശയകരമായി വന്ന ഫോൺ നമ്പറുകൾ പരിശോധിക്കുകയും, വിശകലനം ചെയ്യുകയും ചെയ്തു. അങ്ങനെ സംഭവസമയം സ്ഥലത്ത് പ്രതികളുടെ സാന്നിധ്യം പൊലീസ് സംഘം മനസ്സിലാക്കി.

ജില്ലാ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് പ്രതികളെ കുടുക്കാൻ ഇടയാക്കിയത്. കണ്ണൂർ ഇരിക്കൂർ ഭാഗത്തും തുടർന്ന് ആന്ധ്രയിലും ദില്ലിയിലും പ്രതികളുടെ ലൊക്കേഷൻ ലഭിച്ചു. പിന്നീടുള്ള ലൊക്കേഷനിൽ നിന്നും ഇവർ തെക്കൻ കേരളത്തിലേക്ക് കടന്നുവെന്ന് വെളിവായി. കേരള എക്സ്പ്രസ് ട്രെയിനിൽ പ്രതികളുടെ തിരിച്ചുള്ള യാത്ര മനസ്സിലാക്കിയ പൊലീസ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ചങ്ങനാശേരി റെയിൽവേ സ്റ്റേഷൻ എത്തി. ട്രെയിനിൽ നിന്ന് ഇറങ്ങി വന്ന പ്രതികളെ 11 ന് രാത്രി 7.30 ന് കയ്യോടെ പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യംചെയ്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തി. ഇവരുടെ മൊബൈൽ ഫോണുകളും കൈവശം കണ്ടെത്തിയ കഞ്ചാവും പിടിച്ചെടുത്തു. വൈദ്യ പരിശോധന ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കുറ്റകൃത്യത്തിൽ ഉപയോഗിച്ച സ്കൂട്ടറും ബൈക്കും പിടിച്ചെടുത്തു.

Related posts

പുഷ്പക് സുരക്ഷിതമായി പറന്നിറങ്ങി; ആർഎൽവിയുടെ രണ്ടാം ലാൻഡിങ് പരീക്ഷണവും വിജയം

sandeep

കേരളത്തിൽ കടന്നു പോകുന്നത് സമീപകാലത്തെ ഏറ്റവും ദുർബലമായ കാലവർഷം; കണക്കിൽ 60% കുറവ്

Sree

കെപിസിസി ഭാരവാഹികളുടെയും ഡിസിസി പ്രസിഡൻ്റുമാരുടെയും യോഗം ഉടൻ തുടങ്ങും

sandeep

Leave a Comment