കാലിഫോര്‍ണിയ: 2032ൽ ഭൂമിയുമായി കൂട്ടിയിടിക്കാൻ നേരിയ സാധ്യതയുള്ള ‘2024 വൈആര്‍4’ ഛിന്നഗ്രഹത്തെ നിരീക്ഷിക്കാൻ നാസ ജെയിംസ് വെബ് ടെലിസ്കോപ്പിനെ (JWST) വിന്യസിക്കുന്നു. 2024 ഡിസംബറിൽ നാസയുടെ ആസ്റ്ററോയ്ഡ് ടെറസ്ട്രിയൽ-ഇംപാക്ട് ലാസ്റ്റ് അലേർട്ട് സിസ്റ്റം കണ്ടെത്തിയ 2024 YR4 എന്ന ഛിന്നഗ്രഹം നിലവിൽ ഏജൻസിയുടെ ഛിന്നഗ്രഹ നിരീക്ഷണ പട്ടികയിൽ ഒന്നാം സ്ഥാനത്താണ്.
എന്തുകൊണ്ട് 2024 വൈആര്‍4 ഭീഷണി?
2024 വൈആര്‍4 ഛിന്നഗ്രവും ഭൂമിയുമായുള്ള കൂട്ടിയിടി സാധ്യത ശാസ്ത്രജ്ഞരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ ഛിന്നഗ്രഹത്തിന്‍റെ ആഘാതം ഇന്ത്യ ഉൾപ്പെടെ നിരവധി പ്രദേശങ്ങളിൽ സംഭവിക്കാൻ സാധ്യതയുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ജെയിംസ് വെബ് ടെലിസ്കോപ്പിന്‍റെ സഹായത്തോടെ ശാസ്ത്രജ്ഞർ ഈ അപകടകരമായ ഛിന്നഗ്രഹത്തിന്‍റെ വലിപ്പവും കൂട്ടിയിടിയുടെ കൃത്യമായ സാധ്യതയും കണക്കാക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ ഭാവിയിൽ അതിന്‍റെ ആഘാതം കുറയ്ക്കാനാണ് നീക്കം.
2024 ഡിസംബറിൽ നമ്മുടെ സൗരയൂഥത്തിലൂടെ കടന്നുപോകുമ്പോഴാണ് 2024 YR4 എന്ന ഛിന്നഗ്രഹത്തെ ആദ്യമായി കണ്ടെത്തിയത്. ഈ ഛിന്നഗ്രഹത്തിന് ഏകദേശം 180 അടി (50 മീറ്റർ) വ്യാസമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത്രയും വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചാൽ, അതൊരു ചെറിയ നഗരത്തെ മുഴുവനായും നശിപ്പിച്ചേക്കാം. 1908-ൽ സൈബീരിയയിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു. അന്ന് ഏതാണ്ട് ഇതേ വലിപ്പമുള്ള ഒരു ഛിന്നഗ്രഹം ഭൗമാന്തരീക്ഷത്തില്‍ വച്ച് അഗ്നിഗോളമായി 80 ദശലക്ഷം മരങ്ങൾ നശിപ്പിച്ചു.
2024 വൈആര്‍4 ഛിന്നഗ്രഹത്തിന്‍റെ യഥാർഥ വലിപ്പം കണ്ടെത്തുന്നത് വെല്ലുവിളി നിറഞ്ഞതാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു . നിലവില്‍ ഈ ഛിന്നഗ്രഹത്തെ ഭൂതല ദൂരദർശിനികൾ വഴി നിരീക്ഷിക്കുന്നുണ്ട്. എന്നാൽ ഭൂമിയുടെ അന്തരീക്ഷത്തിന്‍റെ സ്വാധീനം കാരണം അതിന്‍റെ യഥാർത്ഥ വലിപ്പം കൃത്യമായി കണക്കാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ ഛിന്നഗ്രഹം യഥാർത്ഥത്തിൽ കാണുന്നതിനേക്കാൾ വളരെ വലുതായിരിക്കാനും സാധ്യതയുണ്ട്.
നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നത് 2024 വൈആര്‍4 ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചാൽ, സ്ഫോടനം 15 മെഗാടൺ TNT-ക്ക് തുല്യം ശേഷിയുള്ളതായിരിക്കും എന്നാണ്. അതായത് ഹിരോഷിമ അണുബോംബിനേക്കാൾ 100 മടങ്ങ് കൂടുതൽ ശക്തി ഉണ്ടായിരിക്കും ഈ സ്‍ഫോടനത്തിന്. ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ നിന്നുള്ള ഡാറ്റ യൂറോപ്യൻ ബഹിരാകാശ ഏജൻസി (ഇഎസ്എ), നാസ, മറ്റ് ആഗോള ബഹിരാകാശ ഏജൻസികൾ എന്നിവയ്ക്ക് ഛിന്നഗ്രഹത്തിന്‍റെ ആഘാത പ്രവചനം പരിഷ്‍കരിക്കുന്നതിനും പ്രതികരണ തന്ത്രങ്ങൾ മെനയുന്നതിനും നിര്‍ണായകമാകും. അതിനാലാണ് അന്താരാഷ്ട്ര ജ്യോതിശാസ്ത്രജ്ഞരുടെ ഒരു സംഘത്തിന് ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെ അടിയന്തര ഉപയോഗം അനുവദിച്ചത്.