ചെന്നൈ: കനത്ത മഴയുടെ പശ്ചാത്തലത്തിൽ തമിഴ്നാട്ടിലെ ചെന്നൈ ജില്ലയിൽ അവധി പ്രഖ്യാപിച്ച് കളക്ടര്‍. ചെന്നൈ ജില്ലാ കളക്ടർ രശ്മി സിദ്ധാർത്ഥ് സഗാഡെയാണ് ചൊവ്വാഴ്ച സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായി അറിയിച്ചത്. തമിഴ്നാട്ടിൽ നവംബർ 12ന് 12 ജില്ലകളിലും 13 ന് 17 ജില്ലകളിലും കാലാവസ്ഥാ വിഭാഗം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ചെന്നൈയിലും സമീപ ജില്ലകളായ കാഞ്ചീപുരം, തിരുവള്ളൂർ, ചെങ്കൽപേട്ട് എന്നിവിടങ്ങളിലും 24 മണിക്കൂറിനുള്ളിൽ 6 സെന്റീമീറ്റർ മുതൽ 12 സെന്റീമീറ്റര്‍ വരെ ശക്തമായ മഴ ലഭിച്ചേക്കാം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നവംബർ 15 വരെ മഴ തുടരും.
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം അടുത്ത രണ്ട് ദിവസങ്ങളിൽ തമിഴ്നാട്, ശ്രീലങ്ക ഭാഗത്തേക്ക് നീങ്ങിയേക്കുമെന്നതിനാൽ നവംബർ 14 ന് 27 ജില്ലകൾക്കും നവംബർ 15 ന് 25 ജില്ലകൾക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.