ആരാധകരുടെ സ്വന്തം തല അജിത്ത് അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മോട്ടോർ സ്പോർട്സിലേക്ക് തിരിച്ചു വന്നിരുന്നു.
അജിത്തിന്റെ സിനിമകളൊക്കെ ഇഷ്ട്ടപ്പെടുന്നവരിൽ ചിലർക്ക് മാത്രമാവും അദ്ദേഹം ഇന്റർനാഷണൽ ലെവലിൽ വരെ മത്സരിച്ചിട്ടുള്ള ഒരു മോട്ടോർ സ്പോർട്സ് താരമാണെന്നു അറിയാവുന്നത്.
തന്റെ സിനിമകളിൽ കാറിലും ബൈക്കിലും അജിത്ത് നടത്തിയ സാഹസങ്ങൾ ആരാധകരെ കോരിത്തരിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന് സിനിമക്കൊപ്പം പ്രിയപ്പെട്ടതാണ് മരണവേഗത്തിൽ പായുന്ന ഈ പാഷൻ.
റേസ് ചെയ്യുമ്പോൾ മാത്രമാണ് താൻ പൂർണ്ണത അനുഭവിക്കുന്നതെന്ന് താരം പലപ്പോഴും പറഞ്ഞിട്ടുണ്ട്. 2002 ൽ നാഷണൽ ഫോർമുല ഇന്ത്യ സിംഗിൾ സീറ്റർ ചാമ്പ്യൻഷിപ്പിൽ തുടങ്ങി ഫോർമുല ബിഎംഡബ്ല്യു ഏഷ്യ ചാമ്പ്യൻഷിപ്പിലും ബ്രിട്ടീഷ് ഫോർമുല 3യിലും തുടങ്ങി ദി യൂറോപ്യൻ ഫോർമുല 2 ചാമ്പ്യൻഷിപ്പിൽ വരെ എത്തിനിൽക്കുന്നു താരത്തിന്റെ കാർ റേസിംഗ് ഭ്രമം.
മത്സരയോട്ടങ്ങൾക്കിടയിൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന ആക്സിഡന്റുകളും പലപ്പോഴായി അജിത്തിന് സംഭവിച്ചിട്ടുണ്ട്. തുടർന്ന് താൽക്കാലികമായെങ്കിലും തന്റെ ഇഷ്ടവിനോദം ഉപേക്ഷിക്കേണ്ടി വന്ന അജിത് ഇതാ തന്നെ എന്നും ഭ്രമിപ്പിച്ച സ്പോർട്സ് കാറുകളുടെ മത്സരയോട്ടത്തിന്റെ ലോകത്തേക്ക് വീണ്ടും മടങ്ങി വന്നിരിക്കുന്നു.
സ്പെയിനിലെ സർക്യൂട്ട് ഡി ബാഴ്‌സലോണ-കാറ്റലൂനിയയിൽ തന്റെ റേസിംഗ് കരിയറിലെ അടുത്ത അധ്യായം എഴുതാൻ.