കോഴിക്കോട്: വൈദ്യുതി ലൈനില്‍ തട്ടി ആക്രി സാധനങ്ങളുമായി പോയ ചരക്ക് ലോറിക്ക് തീപ്പിടിച്ചു. വടകര-തണ്ണീര്‍പ്പന്തല്‍ റോഡില്‍ കുനിങ്ങാടിനും കല്ലേരിക്കും ഇടയില്‍ വൈദ്യര്‍പീടികക്ക് സമീപം ഇന്ന് രാത്രി എട്ടോടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ലോറി പൂര്‍ണമായും കത്തിനശിച്ചു.
നാദാപുരം അഗ്‌നിരക്ഷാനിലയത്തില്‍ നിന്നും സ്റ്റേഷന്‍ ഓഫീസര്‍ എസ് വരുണിന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. അപകടം ഉണ്ടായ ഉടനെ ഡ്രൈവര്‍ ലോറിയില്‍ നിന്ന് ഇറങ്ങി മാറിയതിനാല്‍ ദുരന്തം ഒഴിവായി. ആക്രി സാധനങ്ങളുമായി പട്ടാമ്പിയിലേക്ക് പോകുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെഎം ഷമേജ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ എന്‍എം ലതീഷ്, ഡി അജേഷ്, കെ ഷാഖില്‍, കെകെ ശികിലേഷ്, സന്തോഷ് ഇ, കെകെ അഭിനന്ദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ ഡ്രൈവര്‍മാരായ പ്രജീഷ്, ജ്യോതികുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.