kerala Kerala News thiruvananthapuram

നാലര പവന്റെ മാല ലക്ഷ്യമിട്ട് ക്രൂര കൊലപാതകം, വിനീത കൊലക്കേസിൽ വിധി ഏപ്രിൽ 10ന്

തിരുവനന്തപുരം: മാല മോഷ്ടിക്കുന്നതിനിടെ പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരിയെ കുത്തി കൊലപ്പെടുത്തിയ കേസില്‍ അന്തിമ വാദം പൂർത്തിയായി. ഏപ്രിൽ 10 ന് കേസിൽ വിധി പറയും. 2022 ഫെബ്രുവരി ആറിന് പട്ടാപ്പകലാണ് തമിഴ്‌നാട് കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗര്‍ സ്വദേശിയായ രാജേന്ദ്രന്‍ അലങ്കാര ചെടികടയ്ക്കുളളില്‍ വച്ച് നെടുമങ്ങാട് കരിപ്പൂര്‍ ചരുവിള കോണത്ത് സ്വദേശിനി വിനീതയെ കുത്തി കൊലപ്പെടുത്തിയത്. വിനീതയുടെ കഴുത്തില്‍ കിടന്ന നാലരപവന്‍ തൂക്കമുളള സ്വര്‍ണമാല കവരുന്നതിനായിരുന്നു ക്രൂരകൃത്യം.

ഷെയർ മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രന്‍ പണത്തിന് ആവശ്യം വരുമ്പോഴാണ് കുറ്റകൃത്യങ്ങൾ ചെയ്തിരുന്നത്. സമാനരീതിയില്‍ തമിഴ്‌നാട് വെളളമഠം സ്വദേശിയും കസ്റ്റംസ് ഓഫീസറുമായ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13 കാരിയായ വളര്‍ത്തുമകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങി ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയിലെത്തിയ രാജേന്ദ്രനാണ് സമീപത്തെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയത്. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ പൊലീസ് കുടുക്കിയത്.

രണ്ട് വര്‍ഷം മുമ്പ്‌ ഭര്‍ത്താവ് ഹൃദ്രോഗബാധിതനായി മരിച്ചതിനെ തുടര്‍ന്ന് ജീവിക്കാന്‍ മറ്റ് മാര്‍ഗം ഇല്ലാതെ വന്നപ്പോഴാണ് വിനീത പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പന ശാലയില്‍ ജോലിക്ക് വന്ന് തുടങ്ങിയത്‌. കൊല്ലപ്പെടുന്നതിന് ഒമ്പത് മാസം മുമ്പാണ് ഇവിടെ ജോലിക്ക് എത്തിയത്. വിനീതയെ കൊലപ്പെടുത്തിയ കേസിൽ ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്നതിനാൽ ശാസ്ത്രീയ, സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വിവരിക്കുന്നതിന് സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡിവിഡി എന്നിവയും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ദിവസം ചെടികള്‍ നനയ്ക്കുന്നതിനാണ് ഫെബ്രുവരി ആറിന് സുനിത കടയിലെത്തിയത്. ചെടി വാങ്ങാന്‍ എന്ന വ്യാജേന കടയിലെത്തിയ രാജേന്ദ്രന്‍ ചെടികള്‍ കാണിച്ചു കൊടുത്ത വിനീതയെ പുറകില്‍ നിന്ന് വട്ടം ചുറ്റി പിടിച്ച് കഴുത്തില്‍ കത്തി കുത്തി ഇറക്കുകയായിരുന്നു. ഇരക്ക് നിലവിളിക്കാന്‍ പോലും കഴിയാത്തവിധം കഴുത്തിൽ‌ ആഴത്തില്‍ മുറിവ് ഉണ്ടാക്കുന്നതാണ് രാജേന്ദ്രന്‍റെ കൊലപാതക രീതി. സമാന രീതിയിലാണ് വെളളമഠം സ്വദേശി സുബ്ബയ്യനെയും കുടുംബത്തെയും കൊലപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ ഫോറന്‍സിക് വിദഗ്ദരെയും പൊലീസ് ഉദ്യോഗസ്ഥരെയും സാക്ഷികളായി കോടതിയിൽ വിസ്തരിച്ചിരുന്നു.

വിനീതയെ കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലെ കാവല്‍ കിണറിന് സമീപത്തെ ലോഡ്ജിൽ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഫെബ്രുവരി 11 ന് പേരുർക്കട സിഐ വി. സജികുമാറിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തു. സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് പൊലീസ്, പ്രതി പണയം വച്ചിരുന്ന വിനീതയുടെ സ്വർണമാല കണ്ടെടുത്തിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം .സലാഹുദ്ദീന്‍, ദേവിക മധു, ജെ. ഫസ്ന, ഒ .എസ് ചിത്ര എന്നിവർ ഹാജരായി.തമിഴ്നാട് സ്വദേശിയായ പ്രതിക്ക് വിചാരണ നടപടികൾ മനസിലാക്കാൻ ദ്വിഭാഷിയേയും കോടതി നിയമിച്ചിരുന്നു.

Related posts

രണ്ട് വൃക്കകളും തകരാറി​ലായ യുവതിക്ക് സഹായവുമായി എം.എ. യൂസഫലി

Sree

ശാസ്തമംഗലത്ത് പിടിയിലായവരുടെ കോൾ, അക്കൗണ്ട് വിവരങ്ങൾ പിന്തുടർന്നെത്തിയത് കഞ്ചാവിന്റെ മൊത്തക്കച്ചവടക്കാരിലേക്ക്

Nivedhya Jayan

വീണ്ടും കാട്ടാനക്കലി; തൃശൂരിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി കൊല്ലപ്പെട്ടു

Nivedhya Jayan

Leave a Comment