കോഴിക്കോട്: തെരുവുനായ കുറുകെ ചാടി ഓട്ടോ നിയന്ത്രണം വിട്ട് മറിഞ്ഞു ഡ്രൈവര്‍ മരിച്ചു. അഴിയൂർ ആവിക്കര റോഡിൽ പുതിയപറമ്പത്ത് അനിൽ ബാബു(44) ആണ് മരിച്ചത്. കണ്ണൂക്കരയിൽ വ്യാഴാഴ്ച്ച വൈകുന്നേരമായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ അനിലിനെ നാട്ടുകാർ വടകര സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു.
കണ്ണൂക്കരയിൽ ബസ് സ്റ്റോപ്പിന് മുന്നിലൂടെ പോകുമ്പോൾ ഓട്ടോയുടെ മുന്നിലേക്ക് നായ കുറുകെ ചാടുകയായിരുന്നു. ഉടൻ തന്നെ വാഹനം തലകീഴായി മറിഞ്ഞു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതാണ് മരണ കാരണമെന്നാണ് അധികൃതർ പറയുന്നത്. മൃതദേഹം വടകര ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുകാർക്ക് വിട്ടുനൽകും.