ടി20 ഹാട്രിക് ജയത്തോടെ സൂപ്പർ എട്ട് ഉറപ്പിച്ച് സൗത്ത് ആഫ്രിക്ക
ഹാട്രിക്ക് ജയവുമായി ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ട് ഉറപ്പിച്ച ആദ്യ ടീമായി സൗത്ത് ആഫ്രിക്ക.
ഗ്രൂപ്പ് ഡിയിലെ മല്‍സരത്തില്‍ ബംഗ്ലാദേശിനോട് നാല് റണ്‍സിനായിരുന്നു സൗത്ത് ആഫ്രിക്കയുടെ വിജയം.
നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഏയ്ഡന്‍ മാര്‍ക്കറവും സംഘവും നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സ് എടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് എടുക്കാനാണ് സാധിച്ചത്.
സമനിലയിലേക്ക് നീങ്ങുമോ എന്ന് തോന്നിച്ച മത്സരത്തില്‍ അവസാന ഓവറില്‍ ബംഗ്ലാദേശിന് 11 റണ്‍സ് എടുക്കാനാകാതെ വന്നതോടെയാണ് ദക്ഷിണാഫ്രിക്കക്ക് വിജയിക്കാനായത്.
അവസാന ഓവറിലെ രണ്ട് ബോളില്‍ ആറ് റണ്‍സ് എന്ന വെല്ലുവിളി മറികടക്കാന്‍ മഹമ്മൂദുള്ളയാണ് നിയോഗിക്കപ്പെട്ടത്.
കേശവ് മഹാരാജ് എറിഞ്ഞ ഫുള്‍ടോസ്സ് അദ്ദേഹം ഗ്യാലറി ലക്ഷ്യമാക്കി പായിച്ചെങ്കിലും ബൗണ്ടറിക്കടുത്ത് വെച്ച് എയ്ഡന്‍ മാര്‍ക്കറം എടുത്ത സുന്ദരമായ ക്യാച്ചില്‍ മത്സരം ബംഗ്ലാദേശിന് അടിയറ വെക്കേണ്ടി വന്നു.
ഇതോടെ ഗ്രൂപ്പ് ഡിയില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സൗത്ത് ആഫ്രിക്ക സൂപ്പര്‍ എട്ട് പ്രവേശനം ഉറപ്പിച്ചു.