കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട മഴ തുടരുന്നു. കോഴിക്കോട് ഒളവണ്ണയില്‍ ശക്തമായ മഴയിൽവീടിനു മുകളിൽ മതിൽ ഇടിഞ്ഞുവീണ് വീട് ഭാഗികമായി തകർന്നു. ഇരിങ്ങല്ലൂർ നടുവത്തിനി മീത്തൽ നൗഷാദിന്റെ വീടിനു മുകളിലേക്കാണ് തൊട്ടടുത്ത പറമ്പിലെ മതിൽ ഇടിഞ്ഞ് വീണത്. ഇന്ന് പുലര്‍ച്ചെ വീട്ടുകാർ ഉറങ്ങുന്ന സമയത്തായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല.
മഴ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസര്‍കോട് ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മലപ്പുറം ജില്ലകളില്‍ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുളള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി നല്‍കിയിരുന്നു.
കണ്ണൂരിലും കാസര്‍കോടും ഇന്ന് ഓറഞ്ച് അലര്‍ട്ടും വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.