പാരീസ്: ഫ്രാൻസിന്‍റെ അധീനതയലുള്ള മയോറ്റെ ദ്വീപിൽ ചിഡോ ചുഴലിക്കാറ്റ് ആഞ്ഞടിച്ചു. 11 പേർ മരിച്ചെന്നാണ് ഔദ്യോഗിക സ്ഥിരീകരണം.
എന്നാൽ നൂറുകണക്കിന് ജീവൻ പൊലിഞ്ഞിട്ടുണ്ടാവാമെന്നാണ് അധികൃതരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തത്.
കഴിഞ്ഞ 90 വർഷത്തിനിടെ ഈ പ്രദേശത്തുണ്ടായ ഏറ്റവും വിനാശകാരിയായ ചുഴലിക്കാറ്റാണ് ചിഡോ.
ചിഡോ ചുഴലിക്കാറ്റ് ഇതിനകം ദ്വീപ് സമൂഹത്തിൽ വൻനാശം വിതച്ചെന്നാണ് റിപ്പോർട്ട്. വീടുകളും ആശുപത്രികളും സ്കൂളുകളും തകരുകയും മരങ്ങൾ പിഴുതെറിയപ്പെടുകയും ചെയ്തു. നിലവിൽ തന്നെ അടിസ്ഥാന സൌകര്യങ്ങളുടെ അഭാവമുള്ള ദ്വീപിനെ സംബന്ധിച്ച് ചുഴലിക്കാറ്റുണ്ടാക്കിയ ആഘാതം വലുതാണ്.
മൊസാംബിക്കിൻ്റെയും മഡഗാസ്‌കറിൻ്റെയും തീരങ്ങൾക്കിടയിലുള്ള ഈ ദ്വീപിലേക്ക് രക്ഷാപ്രവർത്തകരെ അയച്ചിട്ടുണ്ടെന്ന് ഫ്രാൻസ് അറിയിച്ചു.വിമാനത്താവളം ഉൾപ്പെടെ ഗതാഗത സംവിധാനങ്ങളെ ചുഴലിക്കാറ്റ് ബാധിച്ചു. വൈദ്യുതി വിതരണത്തിലെ തടസ്സവും രക്ഷാപ്രവർത്തനത്തിന് തിരിച്ചടിയാണ്.
ദ്വീപസമൂഹത്തിൻ്റെ പ്രിഫെക്റ്റ് ഫ്രാൻസ്വാ-സേവിയർ ബ്യൂവില്ലെ പറഞ്ഞത് വരും ദിവസങ്ങളിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ്.
മരണസംഖ്യ ആയിരമെത്തിയേക്കാമെന്ന് താൻ ഭയപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരുടെ എണ്ണം നിലവിൽ 250 കവിഞ്ഞു.