മുംബൈ: പ്രണയ താര ജോഡികളായ തമന്നയും വിജയ് വർമ്മയും വിവാഹിതരാകാന്‍ പോകുന്നു. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇരുവരും ഉടൻ തന്നെ വിവാഹ തീയതി പ്രഖ്യാപിച്ചേക്കും എന്നാണ് വിവരം. അടുത്തവര്‍ഷം ഇരുവരുടെയും വിവാഹം ഉണ്ടാകും എന്നാണ് സൂചന.
ജീവിതത്തിലെ അടുത്തഘട്ടത്തിലേക്ക് കടക്കുന്ന ഇവര്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി ഡേറ്റിംഗിലാണ്. തമന്നയും വിജയ് വർമ്മയും ഒരു പുതിയ വീട് തേടുകയാണെന്ന് നിരവധി മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
അടുത്ത വർഷം ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചതായും അതിനുള്ള ഒരുക്കങ്ങൾ ഇരുവരും ആരംഭിച്ചതായും വിവരമുണ്ട്.
എന്നാല്‍ തങ്ങളുടെ പ്രണയ ബന്ധത്തില്‍ തുടരുന്ന മൗനം പോലെ ദമ്പതികൾ ഇതുവരെ വിവാഹ കാര്യത്തിലും ഒരു കാര്യവും പരസ്യമാക്കിയിട്ടില്ല.
എന്നാല്‍ താരങ്ങള്‍ വിവാഹം സംബന്ധിച്ച് വളരെ ഗൗരവത്തോടെയാണ് സംസാരിക്കുന്നതെന്നാണ് ഇവരുമായി അടുത്ത വൃത്തത്തെ ഉദ്ധരിച്ച് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.