ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജില്‍ നഴ്‌സ് ആണ് മേഘ ജെയിംസ്. കുട്ടികളുടെ ഐസിയുവില്‍ അന്ന് അവര്‍ക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. സമയം ഏകദേശം രാത്രി 10.45. ഒരു കുഞ്ഞിന് ഇഞ്ചക്ഷന്‍ നല്‍കുന്നതിനായി സിറിഞ്ച് എടുക്കാന്‍ പോയതായിരുന്നു മേഘ.
തിരിച്ചു വന്നപ്പോള്‍ കണ്ടത് വാര്‍ഡിലെ ഓക്‌സിജന്‍ സിലിണ്ടറിന് തീപിടിച്ചതാണ്്. തീപടര്‍ന്നത് ശ്രദ്ധയില്‍ പെട്ട ഉടന്‍ മേഘ വാര്‍ഡ് ബോയിയെ വിളിച്ചു. അയാളെത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
പിന്നെ മേഘയ്ക്ക് ആലോചിക്കാന്‍ ഒന്നുമില്ലായിരുന്നു. ചോരക്കുഞ്ഞുങ്ങള്‍ക്കും പടരുന്ന തീക്കുമിടയില്‍ പകച്ച് നില്‍ക്കാന്‍ അവര്‍ തയാറായില്ല.
കുഞ്ഞു ജീവനുകള്‍ രക്ഷിക്കാന്‍ ആളിപ്പടരുന്ന തീയിലേക്ക് സ്വന്തം ജീവന്‍ പണയം വച്ച് മേഘ ഇറങ്ങി. ചുറ്റും വ്യാപിച്ച പുകയും വിച്ഛേദിക്കപ്പെട്ട വൈദ്യുതി ബന്ധവും ഇരുട്ടും ഒന്നും തടസമായില്ല. രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ അവരുടെ ചെരിപ്പിന് തീ പിടിച്ചു.
അത് പിന്നെ കാലിലേക്കും സല്‍വാറിലേക്കും പടര്‍ന്നു. സഹായത്തിന് ആളെ വിളിച്ച് സല്‍വാര്‍ മാറ്റി ധരിച്ച് അവര്‍ വീണ്ടും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.
സ്വന്തം ശരീരത്തില്‍ തീ പടര്‍ന്നിട്ടും അത് വകവെക്കാതെ മേഘയും സംഘവും രക്ഷപെടുത്തിയത് 14 കുഞ്ഞുങ്ങളെ. 11 കുട്ടികളാണ് അപകടത്തില്‍ വെന്തുമരിച്ചത്. വാര്‍ഡിലെ 11 കിടക്കകളിലായി 24ഓളം കുഞ്ഞുങ്ങളായിരുന്നു ഉണ്ടായിരുന്നതെന്നും പറ്റാവുന്ന അത്രയും കുഞ്ഞുങ്ങളെ രക്ഷിക്കുകയായിരുന്നു ലക്ഷ്യമെന്നും പറയുമ്പോള്‍ മേഘയുടെ ശബ്ദം ഇടറി.