Kerala News latest news thrissur

ഒരു നേരം 10 ലിറ്ററിലധികം പാല്‍ ലഭിക്കുന്ന ഹൈബ്രിഡ് ഇനം; അജ്ഞാത രോഗം ബാധിച്ച് പശുക്കൾ ചത്തൊടുങ്ങുന്നു

തൃശൂര്‍: ചാലക്കുടി കോടശേരി പഞ്ചായത്തിന്‍റെ പടിഞ്ഞാറന്‍ മേഖലയില്‍ കറവപശുക്കള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. അജ്ഞാത രോഗത്തെത്തുടര്‍ന്ന് നായരങ്ങാടി, ചൗക്ക മേഖലയിലാണ് കറവ പശുക്കള്‍ വ്യാപകമായി ചത്തൊടുങ്ങുന്നത്. ഈ മേഖലയില്‍ കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ ഇരുപതോളം പശുക്കളാണ് ചത്തത്. ഇതോടെ വായ്പയെടുത്തും പലിശക്കെടുത്തും പശുക്കളെ വാങ്ങിയ ക്ഷീരകര്‍ഷകര്‍ കടക്കെണിയിലായി. തൊഴുത്തില്‍ കെട്ടിയിട്ട് വളര്‍ത്തുന്ന ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട പശുക്കളാണ് ചാവുന്നത്. എന്നാല്‍ അജ്ഞാത രോഗം കണ്ടെത്താനാകാതെ അധികൃതര്‍ കുഴങ്ങുകയാണ്.

ചിലയിടത്ത് കുഴഞ്ഞുവീണാണ് പശുക്കള്‍ ചാവുന്നത്. മറ്റുചിലയിടത്ത് പശുവിന്റെ വയര്‍ വീര്‍ക്കുകയും പിറ്റേന്ന് തൊഴുത്തില്‍ ചത്തുകിടക്കുന്ന സ്ഥിതിയുമാണ്. ചൗക്ക് സ്വദേശി രാജന്റെ മൂന്ന് പശുക്കളാണ് കഴിഞ്ഞ മാസം ചത്തത്. നായരങ്ങാടി തണ്ടാപറമ്പില്‍ അനില്‍ദാസ്, മതുരന്ധയത്ത് വീട്ടില്‍ അഞ്ജന, സുരേഷ് തുടങ്ങിയവരുടെ ഓരോ പശുക്കളും ഈയടുത്ത ദിവസങ്ങളില്‍ ചത്തു.

ഒരു നേരം 10 ലിറ്ററിലധികം പാല്‍ ലഭിക്കുന്ന ഹൈബ്രിഡ് ഇനത്തില്‍പ്പെട്ട പശുക്കളാണ് വ്യാപകമായി ചാവുന്നത്. 70,000 രൂപയിലധികം വിലവരുന്നവയാണ് പശുക്കള്‍. ഒരു പശുവിന് 4000 ത്തിലധികം തുകയടക്കേണ്ടി വരുന്നതിനാല്‍ നിര്‍ധനരായ ക്ഷീരകര്‍ഷകര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും എടുത്തിട്ടില്ല. അതുകൊണ്ട് തന്നെ വലിയ സാമ്പത്തിക ബാധ്യതയാണ് ഇവര്‍ക്കുണ്ടാകുന്നത്. മൃഗാശുപത്രിയില്‍ അറിയിച്ചപ്പോള്‍ പോസ്റ്റുമോര്‍ട്ടം നടത്തിയാലേ മരണകാരണം വ്യക്തമാകൂ എന്ന വിവരമാണ് ലഭിക്കുന്നത്.

പോസ്റ്റുമോര്‍ട്ടം നടത്തുന്നതടക്കമുള്ള എല്ലാ ചെലവുകളും കര്‍ഷകര്‍ തന്നെ വഹിക്കണം. ഈ ബാധ്യത കൂടി ഏറ്റെടുക്കാന്‍ കര്‍ഷകര്‍ക്കാകുന്നില്ല. മാത്രമല്ല ചത്ത പശുക്കളെ മറവ് ചെയ്യുന്നതിനും വലിയ ചിലവാണ് വരുന്നത്. ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് ഇവയെ മറവ് ചെയ്യുന്നത്. കോടശേരി പഞ്ചായത്തിലെ മൃഗാശുപത്രി നിലവില്‍ ചായ്പന്‍കുഴിയിലാണുള്ളത്.

നായരങ്ങാടിയില്‍നിന്നും ചായ്പന്‍കുഴിയിലേക്ക് 15 ഓളം കിലോമീറ്റര്‍ ദൂരമുണ്ട്. മൃഗാശുപത്രിയുടെ ഒരു ഉപകേന്ദ്രം നായരങ്ങാടി മേഖലയില്‍ വേണമെന്ന ക്ഷീരകര്‍ഷകരുടെ ആവശ്യവും ഇതുവരേയും ബന്ധപ്പെട്ടവര്‍ പരിഗണിച്ചിട്ടില്ല. പശുക്കള്‍ വ്യാപകമായി ചത്തൊടുങ്ങുന്നതോടെ വന്‍ ബാധ്യത വരുന്ന സാഹചര്യത്തില്‍ ഈ മേഖല ഉപേക്ഷിക്കുകയാണ് ഇവിടത്തെ ക്ഷീരകര്‍ഷകര്‍.

Related posts

ക്ഷേത്രകുളത്തിൽ നീന്തൽ പരിശീലനത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചു

sandeep

മരിച്ചെന്ന് കരുതി മാതാവ് ബക്കറ്റില്‍ ഉപേക്ഷിച്ച ചോരക്കുഞ്ഞിന്റെ രക്ഷകനായി പൊലീസ്; സംഭവം ചെങ്ങന്നൂരില്‍

sandeep

പോലീസ് ചമഞ്ഞ് കഞ്ചാവ് പരിശോധനയും പണപ്പിരിവും; തൃശൂരില്‍ യുവാവ് അറസ്റ്റില്‍.

Sree

Leave a Comment