ചെന്നൈ: ചെന്നൈയിൽ ഡോക്ടറെയും ഭാര്യയെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ആത്മഹത്യയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. സാമ്പത്തിക പ്രശ്നങ്ങൾ കാരണം കുടുംബം കൂട്ട ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വിപുലമായ അന്വേഷണത്തിന് പൊലീസ് തുടക്കം കുറിച്ചിട്ടുണ്ട്.
ചെന്നൈ അണ്ണാ നഗറിലാണ് സംഭവം. സോണോളജിസ്റ്റായി ജോലി ചെയ്യുന്ന ബാലമുരുഗൻ (52), അഭിഭാഷകയായ ഭാര്യ സുമതി (47), രണ്ട് ആൺ മക്കൾ എന്നിവരെയാണ് രാവിലെ മരിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ദമ്പതികളുടെ മൂത്ത മകൻ ജസ്വന്ത് കുമാർ നീറ്റ് പരിശീലനത്തിലാണ്. ഇളയ മകൻ ലിങ്കേഷ് കുമാർ പ്ലസ് വൺ വിദ്യാർത്ഥിയും. നഗരത്തിൽ നിരവധി അൾട്രാസൗണ്ട് സ്കാനിങ് സെന്ററുകൾ നടത്തിയിരുന്ന ഡോ. ബാലമുരുഗൻ വൻ കടക്കെണിയിൽ ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഇന്ന് രാവിലെ ഡോക്ടറുടെ ഡ്രൈവർ വീട്ടിലെത്തിയപ്പോൾ ആരും വാതിൽ തുറന്നില്ല. സംശയം തോന്നിയ ഇയാൾ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. രണ്ട് മുറികളിലായിട്ടായിരുന്നു മൃതദേഹങ്ങൾ. ആത്മഹത്യയാണെന്നാണ് പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ ആരും പൊലീസിൽ പരാതി നൽകിയിട്ടില്ല. ആത്മഹത്യാ കുറിപ്പോ മറ്റെന്തെങ്കിലും രേഖകളോ പൊലീസിന് ലഭിച്ചിട്ടുണ്ടോ എന്നും വ്യക്തമല്ല. വലിയ സാമ്പത്തിക ഇവർക്കുണ്ടായിരുന്നെന്നും കണക്കെണിയിൽ ആയിരുന്നെന്നും കണ്ടെത്തിയ പൊലീസ്, കടക്കാരിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സമ്മർദം ഉണ്ടായിരുന്നോ എന്നും പരിശോധിക്കുകയാണ്.