Alappuzha kerala Kerala News latest latest news

മലയാളിയില്‍ നിന്ന് 61 ലക്ഷം തട്ടി, പ്രതികളെ ഉത്തര്‍ പ്രദേശില്‍ ചെന്ന് പൊക്കി കേരള പൊലീസ്

ചേർത്തല: വെർച്ച്വൽ അറസ്റ്റിലൂടെ ചേർത്തലയിലെ വ്യാപാരിയിൽ നിന്നും 61 ലക്ഷം തട്ടിയ കേസിൽ രണ്ട് പ്രതികള്‍ പിടിയില്‍. ഉത്തർപ്രദേശ് സ്വദേശികളായ ശുഭം ശ്രീവാസ്‌തവ (30), മുഹമ്മദ് സഹിൽ (27) എന്നിവരെയാണ് ചേർത്തല പൊലീസ് ഉത്തർപ്രദേശിൽ നിന്ന് പിടികൂടിയത്. ടെലികോം റെഗുലേറ്ററി അതോറിട്ടി ഓഫ് ഇന്ത്യയിലെയും മുംബൈ അന്ധേരി പൊലീസ് സ്റ്റേഷനിലേയും ഉയർന്ന ഉദ്യോഗസ്ഥരാണെന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്.

പ്രതികള്‍ ആദ്യം ചേർത്തല മുട്ടത്തങ്ങാടിയിലെ വ്യാപാരിയെ വാട്‌സ് ആപ്പ് കോളിലൂടെ വെർച്ചൽ അറസ്റ്റ് ചെയ്‌തതായി ഭീഷണിപ്പെടുത്തി. പിന്നീട് തവണകളായി 61.40 ലക്ഷം രൂപ ഇവരുടെ വിവിധ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിപ്പിച്ചു. രണ്ട് ദിവസമെടുത്താണ് ഇവര്‍ തട്ടിപ്പ് നടത്തിയത്.
വ്യാപാരിയുടെ മൊബൈൽ ഫോൺ നമ്പർ മറ്റു സംസ്ഥാനങ്ങളിലെ വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്.

തട്ടിപ്പുകളിലൂടെ വരുന്ന പണം ആഡംബര ജീവിതത്തിന് ഉപയോഗിക്കുകയായിരുന്നു പ്രതകള്‍. പണം നഷ്ട്ടപ്പെട്ടയാള്‍ ചേർത്തല പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കോഴിക്കോട്, വയനാട്, ഇടുക്കി സ്വദേശികളായ നാലു പേരെ നേരത്തെ പിടികൂടിയിരുന്നു. ഇവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് ഡൽഹി, ഉത്തർപ്രദേശ് ഹരിയാന എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് മാസങ്ങളോളം അന്വേഷണം നടത്തി. ഒടുവില്‍ ഉത്തർപ്രദേശ് സ്വദേശികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഓൺലൈൻ സാമ്പത്തിക തട്ടിപ്പു കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിനായി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എം പി മോഹന ചന്ദ്രന്‍റെ നിർദേശാനുസരണം ചേർത്തല അസിസ്റ്റന്‍റ് പൊലീസ് സൂപ്രണ്ട് ഹരീഷ് ജെയിന്‍റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. ചേർത്തല ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡ് ചെയ്തു.

Related posts

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിൽ വർധന; ഇന്നലെ മാത്രം ചികിത്സ തേടിയത് 9013 പേർ

sandeep

ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് റിമാൻഡിൽ

sandeep

മോഹൻലാൽ വീണ്ടും ‘അമ്മ’ പ്രസിഡന്റ്

sandeep

Leave a Comment